ബംഗാൾ ബിജെപി ജന.സെക്രട്ടറിയുടെ പ്രതിഷേധം
കൊല്‍ക്കത്ത: ബംഗളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ വീടുകളില്‍ കുത്തിയിരിപ്പ് സമരം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുതിര്‍ന്ന ബിജെപി നേതാക്കളാണ് സമരത്തില്‍ അണിചേര്‍ന്നത്.
ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് സാള്‍ട്ട് ലേക്കിന് സമീപത്തെ വീട്ടില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി പ്രതിഷേധ ധര്‍ണ നടത്തി. പാര്‍ട്ടി നേതാക്കളായ മുകുള്‍ റോയ്, ലോക്കെറ്റ് ചാറ്റര്‍ജി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും വീടുകളിലിരുന്ന് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
കോവിഡിനെ നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടു. ജനങ്ങള്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നതില്‍പ്പോലും അഴിമതിയാണ്. സ്ഥിതിഗതികള്‍ കൈവിട്ടുപോവുകയാണെന്നും പൊട്ടിത്തെറി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനുപകരം വസ്തുതകള്‍ മറച്ചുവെക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും പാര്‍ട്ടി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നത്. കോവിഡിനെ നേരിടുന്നതില്‍ മമത സര്‍ക്കാര്‍ കാര്യക്ഷമമല്ല, ലോക്ക് ഡൗണില്‍ പ്രയാസമനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം പാര്‍ട്ടി നല്‍കുന്നതാണെന്ന് അവകാശപ്പെട്ടാണ് മമത വിതരണം ചെയ്യുന്നതെന്ന് പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയ കുറ്റപ്പെടുത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സ്വതന്ത്രമായി സഞ്ചരിക്കുമ്പോള്‍ തങ്ങളെ വീടുകളില്‍ ഒതുക്കി നിര്‍ത്തുന്നതായി ബംഗാളില്‍ നിന്നുള്ള ബിജെപി എംപിമാരും ഇന്നലെ ആരോപിച്ചിരു. ജനങ്ങള്‍ക്ക് റേഷനും മറ്റ് ദുരിതാശ്വാസ സാമഗ്രികളും നല്‍കുന്നതിന് പുറത്തുപോകാന്‍ കഴിയാത്തവിധം തങ്ങള്‍ക്ക് പ്രാദേശിക ഭരണകൂടം വിലക്കേര്‍പ്പെടുത്തിയതായി എംപിമാര്‍ പറഞ്ഞു.
ബംഗാളില്‍ ഇതുവരെ 461 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20 പേര്‍ രോഗം ബാധിച്ച് മരിച്ചു.
Content Highlights: BJP Leaders Stage Sit-In Protests Against Bengal's COVID-19 Handling
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..