കിരൺ റിജിജു, രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ, പ്രതികരണവുമായി ബി.ജെ.പി. നേതാക്കള്‍. രാഹുല്‍ ഗാന്ധി കുറച്ചുകാലമായി പറയുന്ന കാര്യങ്ങളൊക്കെയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു മാത്രമല്ല, രാജ്യത്തിനുതന്നെ ദോഷം ചെയ്യുന്നതാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ കാരണമാണ് പാര്‍ട്ടി തകരുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നും റിജിജു പ്രതികരിച്ചു.
ബി.ജെ.പി. നേതാവ് അമിത് മാളവ്യയും രാഹുല്‍ഗാന്ധിക്കെതിരേ രൂക്ഷമായി പ്രതികരിച്ചു. രാഹുലിന്റെ പരാമര്‍ശം ജാതീയവും അപകീര്‍ത്തികരവുമാണെന്നും ഇത് സമൂഹത്തിലെ ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും അമിത് മാളവ്യ പറഞ്ഞു. ഇന്ത്യയെയും ഇന്ത്യക്കാരെയും പരിഹസിക്കാന്‍ ഒരു മടിയുമില്ലാത്ത ആളാണ് രാഹുല്‍ ഗാന്ധി. അടുത്തിടെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ യൂറോപ്പിനോടും യു.എസിനോടും ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു അദ്ദേഹമെന്നും മാളവ്യ പറഞ്ഞു.
സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. രണ്ടു വര്‍ഷത്തെ തടവു ശിക്ഷാ വിധിക്കു പിന്നാലെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. 10,000 രൂപ കെട്ടിവെച്ചാണ് രാഹുല്‍ ജാമ്യമെടുത്തത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ കോടതി രാഹുലിന് 30 ദിവസം സമയം നല്‍കി.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകത്തിലെ കോളാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് മോദി കേസിന് ആസ്പദമായ പരാമര്‍ശം നടത്തിയത്. എല്ലാ കള്ളന്മാരുടെയും പേരില്‍ മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശമാണ് വലിയ വിവാദമായത്. ഇത് മോദി സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാവും സൂറത്തില്‍നിന്നുള്ള എം.എല്‍.എ.യുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. കേസില്‍ വിശദമായ വാദം കേട്ടതിനു പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്.
Content Highlights: bjp leaders on modi surname verdict on rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..