ന്യൂഡല്‍ഹി: അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ബി.ജെ.പി. എം.പിമാര്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് എം.പി.മാര്‍ ആരോപിച്ചു. 

വടക്കുകിഴക്കന്‍ മേഖലയോട് തനിക്കുള്ള താത്പര്യം സ്വാഭാവികമാണെന്നും നിലവിലെ പ്രശ്നങ്ങളെ രാഷ്ട്രീയത്തിലൂടെയല്ല നോക്കിക്കാണുന്നതെന്നും പ്രധാനമന്ത്രി എം.പി.മാരെ അറിയിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അസമില്‍നിന്നുള്ള പന്ത്രണ്ട് എം.പി.മാര്‍, അരുണാചല്‍ പ്രദേശില്‍നിന്നുളള രണ്ടുപേര്‍ മണിപ്പുര്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍വീതം ആകെ 16 പേര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.

പ്രശ്നത്തിലിടപെട്ട് മേല്‍ക്കോയ്മ നേടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ കുറ്റപ്പെടുത്തിയ എം.പി.മാര്‍ അസമിലെയും മിസോറമിലെയും മുഖ്യമന്ത്രിമാര്‍ക്ക് പ്രശ്നം സൗഹാര്‍ദപരമായി പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരസ്പരവിശ്വാസം ഉയര്‍ത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ വഞ്ചനാപരവും ദുരുദ്ദേശപരവുമാണെന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ എം.പി.മാര്‍ ആരോപിച്ചു. 

അസം-മിസോറം പ്രശ്നം ഇന്ത്യയില്‍ കലാപമുണ്ടാക്കാനുള്ള അര്‍ത്ഥത്തില്‍ നോക്കികാണുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ കണക്കുകൂട്ടല്‍ വിലപോവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ചരിത്രപരവും സമാനതകളില്ലാത്തതുമാണെന്നും നിവേദനത്തില്‍ എം.പി.മാര്‍ വ്യക്തമാക്കി.

പ്രകോപനപരമായ പ്രസ്താവനകളിലൂടെയും കൃത്രിമമായ ഉള്ളടക്കത്തിലൂടെയും പുറത്തുനിന്നുള്ള ശക്തികള്‍ മേഖലയിലെ ആളുകളെ പ്രകോപിപ്പിക്കുന്നതായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

Content highlights: bjp leaders of northeast meet pm modi over assam mizoram border issue