വാഹന വ്യൂഹത്തിന് നേരേ നടന്ന ആക്രമണം | photo:KailashOnlinetwitter
കൊൽക്കത്ത: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. സൗത്ത് 24 പാർഗനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ പ്രദേശത്തേക്കുള്ള യാത്രയ്ക്കിടയിലാണ് നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. അക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു.
നഡ്ഡയുടെ വാഹനത്തിന് പുറമേ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയുടെ വാഹനത്തിന് നേരെയും അക്രമണമുണ്ടായി. അക്രമികൾ കല്ലെറുന്നതിന്റെ ദൃശ്യങ്ങൾ വിജയ് വർഗീയ ട്വീറ്റ് ചെയ്തിട്ടുണ്ട്. കല്ലേറിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. ചില മാധ്യമ വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി.
അസഹിഷ്ണുതയും അധാർമ്മികതയും നിറഞ്ഞ ഒരു സംസ്ഥാനമായി ബംഗാളിനെ മമത സർക്കാർ എങ്ങനെ മാറിയെന്ന് ഈ യാത്രയിലൂടെ തനിക്ക് കാണാൻ സാധിച്ചുവെന്ന് അക്രമണത്തിന് പിന്നാലെ ജെ.പി നഡ്ഡ പ്രതികരിച്ചു. ദുർഗയുടെ കൃപയാണ് തന്നെ രക്ഷിച്ചത്. മമത സർക്കാറിന് അധികകാലം നിലനിൽപ്പില്ലെന്നും ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകുന്നതായും നഡ്ഡ വ്യക്തമാക്കി.
റോഡ് തടഞ്ഞ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നഡ്ഡയുടെയും മറ്റ് അകമ്പടി വാഹനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നുവെന്ന് ബി.ജെ.പി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു. നഡ്ഡയുടെ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും തൃണമൂൽ കോൺഗ്രസിന്റെ യഥാർഥ മുഖം വ്യക്തമാക്കുന്ന സംഭവമാണിതെന്നും അദ്ദേഹം ആരോപിച്ചു.
സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന സർക്കാരിനും കത്തയച്ചിട്ടുണ്ടെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലും പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. അക്രമണത്തിന് ശേഷം വീഴ്ച തിരിച്ചറിഞ്ഞാണ് പോലീസ് നഡ്ഡയുടെ വാഹനത്തിന് കടന്നുപോകാനുള്ള വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊൽക്കത്തയിലെ ബിജെപി ഓഫീസ് നഡ്ഡ സന്ദർശിപ്പച്ചോൾ ഇരുന്നൂറിലേറെ വരുന്ന ആൾക്കൂട്ടം മുളവടികളുമായി തടഞ്ഞുവെന്നും അമിത് ഷായ്ക്ക് അയച്ച കത്തിൽ ഘോഷ് ചൂണ്ടിക്കാണിച്ചു. അക്രമികൾ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നഡ്ഡയുടെ വാഹനത്തിന്റെ തൊട്ടടുത്തുവരെ അക്രമികളെത്തി. എന്നാൽ ഇതിലൊന്നും ഇടപെടാതെ പോലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം ആരോപണം തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. പാർട്ടിക്ക് പങ്കില്ലെന്നും ബിജെപിയുടെ ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്നും ടിഎംസി നേതാവ് മദൻ മിത്ര വ്യക്തമാക്കി.
content highlights:BJP leaders JP Nadda, Kailash Vijayvargiya's convoys attacked in Bengal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..