കൊല്‍ക്കത്ത: പശ്ചിമബെംഗാളില്‍ ബി ജെ പി നേതാവിന്റെ മകളെ അജ്ഞാതസംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്ന സുപ്രഭാത് ബത്യബാലിന്റെ ഇരുപത്തിരണ്ടുകാരിയായ മകളെയാണ് വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി എസ് പി ശ്യാം സിങ് അറിയിച്ചു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങുള്ളതായി ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് എസ് പി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുമാസം മുമ്പാണ് സുപ്രഭാത് ടി എം സിയില്‍നിന്ന് ബി ജെ പിയിലെത്തിയത്. ടി എം സിയില്‍ ചേരുന്നതിനു മുമ്പ് സി പി എം പ്രവര്‍ത്തകനായിരുന്നു സുപ്രഭാത്. 

സംഭവം നടന്ന സമയത്ത് സുപ്രഭാത് വീട്ടിലുണ്ടായിരുന്നില്ല. രാത്രി എട്ടുമണിയോടെയാണ് അജ്ഞാതസംഘം വീട്ടിലെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അഞ്ചോളം പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സുപ്രഭാതിന്റെ സഹോദരന്‍ സുജിത് ബത്യപാല്‍ പറഞ്ഞു. മറ്റുള്ളവരെ ഒരു മുറിയില്‍ ആക്കി പുറത്തുനിന്ന് പൂട്ടിയശേഷം പെണ്‍കുട്ടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്തിറക്കി കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: bjp leaders daughter kidnapped at gun point in west bengal