കൊല്‍ക്കത്ത: ഹിന്ദുസമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന മീം ട്വിറ്ററില്‍ ഷെയര്‍ ചെയ്തുവെന്നാരോപിച്ച് ബിജെപി നേതാവും മേഘാലയ മുന്‍ ഗവര്‍ണറുമായ തഥാഗത് റോയ് ബംഗാളി ടെലിവിഷന്‍ താരവും ഗായികയുമായ സായോനി ഘോഷിനെതിരെ പോലീസില്‍ പരാതി നല്‍കി. ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ അനുബന്ധ വകുപ്പനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്നും പ്രത്യാഘാതങ്ങള്‍ നേരിടാന്‍ താരം തയ്യാറെടുക്കണമെന്നും പരാതിയുടെ പകര്‍പ്പുള്‍പ്പടെ പോസ്റ്റ് ചെയ്ത് തഥാഗത് റോയ് ട്വിറ്ററിലൂടെ വ്യക്തമാക്കി. 

കൊല്‍ക്കത്ത പോലീസിന് താനിക്കാര്യത്തില്‍ പരാതി നല്‍കിയതായും ഗുവഹാത്തി സ്വദേശിയായ വ്യക്തി ഇതേകാര്യം തന്നെ അറിയിക്കുകയും പരാതി നല്‍കുമെന്ന് സൂചിപ്പിക്കുകയും ചെയ്തതായി തഥാഗത് ട്വീറ്റില്‍ പറഞ്ഞു. അസം പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും റിമാന്‍ഡിനായി ആവശ്യപ്പെടുകയും ചെയ്യുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവില്‍ നിന്ന് മറ്റൊരാളും ഇക്കാര്യത്തില്‍ പോലീസിന് പരാതി നല്‍കിയതായി തഥാഗത് റോയ് അറിയിച്ചു.

ശിവഭക്തനായ താനുള്‍പ്പെടെയുള്ള ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് പോസ്‌റ്റെന്നും സായോനിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് മുതിര്‍ന്ന നേതാവിന്റെ പരാതിയിലുള്ളത്. 

എന്നാല്‍, ഇപ്പോള്‍ പരാതിയുയര്‍ന്ന പോസ്റ്റ് 2015 ലേതാണെന്നും 2010 ല്‍ അക്കൗണ്ടാരംഭിച്ചെങ്കിലും കുറച്ചു കാലത്തെ ഉപയോഗത്തിന് ശേഷം താല്‍പര്യം കുറഞ്ഞതിനാല്‍ താനത് ഉപേക്ഷിച്ചതായും സായോനി മറുപടി ട്വീറ്റില്‍ വ്യക്തമാക്കി. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

 

BJP Leader Tathagata Roy Files Case Against Bengal Actor For Hurting Sentiments By Meme