അഭിഷേക് ബാനർജി, സുവേന്ദു അധികാരി | Photo : ANI, Reuters
കൊല്‍ക്കത്ത: റാലികളില്‍ കൊമ്പുകോര്‍ത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും ബിജെപി നേതാവ് ശുഭേന്ദു അധികാരിയും. ബിജെപി കോട്ടയായ കിഴക്കന്‍ മെദിനിപൂരിലെ കാന്തിയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജി റാലി സംഘടിപ്പിച്ചത്. തൃണമൂല്‍ ശക്തികേന്ദ്രമായ ഡയമണ്ട് ഹാര്‍ബറിലായിരുന്നു ശുഭേന്ദു അധികാരിയുടെ റാലി. ധൈര്യമുണ്ടെങ്കില്‍ തന്നെ ജയിലിലടയ്ക്കാന്‍ റാലിയില്‍ സംസാരിക്കവെ അഭിഷേക് ബാനര്‍ജി ബിജെപിയെ വെല്ലുവിളിച്ചു. എല്ലാ കള്ളന്മാരും അകത്താകുമെന്നായിരുന്നു ശുഭേന്ദുവിന്റെ പരാമര്‍ശം.
കഴിഞ്ഞ സെപ്റ്റംബറില്‍ തൃണമൂല്‍ പുറത്തുവിട്ട ഒരു വീഡിയോയുടെ ചൂടുപിടിച്ചാണ് ഇരുനേതാക്കളും വീണ്ടും കൊമ്പുകോര്‍ത്തത്. ബംഗാളിലെ ഐഎഎസ് ഉദ്യോഗസ്ഥരെയടക്കം ജയിലിലടയ്ക്കുമെന്ന് ശുഭേന്ദു അധികാരി ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു വീഡിയോ. കൊല്‍ക്കത്തയില്‍ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് എന്തൊരവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി അഭിഷേക് ബാനര്‍ജി രംഗത്തെത്തിയിരുന്നു.
പിന്നാലെയാണ് ധൈര്യമുണ്ടെങ്കില്‍ തന്നെ ജയിലിലടയ്ക്കാന്‍ അഭിഷേക് ബാനര്‍ജി ബിജെപിയെ വെല്ലുവിളിച്ചത്. 'എന്നെ ജയിയലലടയ്ക്കുമെന്നാണ് ശുഭേന്ദു അധികാരിയും ബിജെപിക്കാരും പറയുന്നത്. ബംഗാളിലേക്കുള്ള പണത്തിന്റെ വരവ് നിര്‍ത്തുമെന്നാണ് ഭീഷണി. എന്നാല്‍ മമത ഉള്ളിടത്തോളംകാലം ബംഗാള്‍ സഹായത്തിനായി ഡല്‍ഹിയിലേക്ക് കൈനീട്ടില്ല' - അദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയെന്നോണമാണ് ശുഭേന്ദു പിന്നീട് റാലിയില്‍ സംസാരിച്ചത്. എല്ലാ കള്ളന്മാരും അകത്താകുമെന്ന് തൃണമൂല്‍ നേതാക്കളെ പരോക്ഷമായി ലക്ഷ്യംവച്ച് അദ്ദേഹം പറഞ്ഞു.
ശുഭേന്ദു അധികാരിയും അഭിഷേക് ബാനര്‍ജിയും തമ്മിലുള്ള ഭിന്നത ശുഭേന്ദു തൃണമൂല്‍ നേതാവായിരുന്ന കാലത്തുതന്നെ മറനീക്കി പുറത്തുവന്നതാണ്. പിന്നീട് പാര്‍ട്ടിക്കുള്ളില്‍ അഭിഷേകിന് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചതോടെയാണ് അധികാരി ബിജെപിയിലേക്ക് ചേക്കേറുന്നത്.
Content Highlights: abhishek banarjee and suvendu adhikari, bjp and trinamool congress conflict, west bengal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..