കൊല്‍ക്കത്ത: ബംഗാളില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ബിജെപി നേതാവിന്റെ ഗര്‍ഭിണിയായ ബന്ധുവിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പീഡിപ്പിച്ചതായി പരാതി. 

ബിജെപി നേതാവ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ആക്രമണത്തിനിരയായ യുവതിയുടെ ബന്ധുവും ബിജെപി സ്ഥാനാര്‍ഥിയുമായ യുവതി പറഞ്ഞു.

ഈ സംഭവത്തിന് മുമ്പ് സ്ഥാനാര്‍ഥിയായ യുവതിയുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോകുകയും തുടര്‍ന്ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, അതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. 

തുടര്‍ന്ന്, ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും പ്രായമായ അമ്മയെയും ആറ് മാസം ഗര്‍ഭിണിയായ ഭര്‍തൃസഹോദരിയെയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നെന്നും പരാതിയിലുണ്ട്.

എന്നാല്‍, ഈ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇത് കുടുംബ വഴക്ക് മാത്രമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.