മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം അർപിത മുഖർജിയും പാർഥ ചാറ്റർജിയും
ന്യൂഡല്‍ഹി: പശ്ചിമബെംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സഹായിയുടെ വീട്ടില്‍നിന്ന് ഇ.ഡി ഇരുപത് കോടി രൂപയുടെ നോട്ടുകെട്ടുകള്‍ പിടിക്കുകയും അഴിമതിക്കേസില്‍ മന്ത്രി അറസ്റ്റിലാവുകയും ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി നേതാവ്. ഇത് വെറും ട്രെയിലറാണെന്നും സിനിമ പുറകെ വരുമെന്നും മന്ത്രിയോടും സഹായിയോടുമൊപ്പം മമത ബാനര്‍ജി സ്റ്റേജ് പങ്കിടുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ബി.ജെ.പി നേതാവ് സുവേന്ദ്രു അധികാരി പറഞ്ഞു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് സുവേന്ദു.
പാര്‍ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ ഇ.ഡി നടത്തിയ മിന്നല്‍ പരിശോധനയിലായിരുന്നു 20 കോടി രൂപ കണ്ടെത്തിയത്. തുടര്‍ന്ന് പശ്ചിമബെംഗാള്‍ സ്റ്റാഫ് സെലക്ഷന് കമ്മീഷന് നടത്തിയ അധ്യാപന നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച് 26 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അര്‍പിത മുഖര്‍ജിയും, പാര്‍ഥ ചാറ്റര്‍ജിയും മമതാ ബാനര്‍ജിയും ഉള്പ്പെടുന്നവരുള്ള സ്റ്റേജ് പരിപാടിയിലെ ഫോട്ടോയാണ് ബി.ജെ.പി നേതാവ് സുവേന്ദ്രു അധികാരി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
അര്‍പിതാ മുഖര്‍ജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന് പുറമെ ധനമന്ത്രി പാര്‍ഥ ചാറ്റര്‍ജി, വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, എം.എല്‍.എയും മുന്‍ വെസ്റ്റ്ബെംഗാള് പ്രൈമറി എഡ്യുക്കേഷന്‍ ബോര്‍ഡ് പ്രസിഡന്റുമായിരുന്ന മണിക് ഭട്ടാചാര്യ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടന്നിരുന്നു. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാനുള്ള തന്ത്രമാണ് ഇ.ഡി-യെ ഉപയോഗിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..