ന്യൂഡല്‍ഹി: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് ബിജെപി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകള്‍ റോയിയുടെ അടുത്ത ബന്ധുവിനെ പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. 

ശനിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് മുകുള്‍ റോയിയുടെ ബന്ധുവായ ശ്രീജന്‍ റോയിയെ പോലീസ് പിടികൂടിയത്. ബിസ്പുര്‍ പോലീസ് സ്‌റ്റേഷനില്‍ ആറ് വര്‍ഷം മുമ്പ് ലഭിച്ച പരാതിയാണ് അറസ്റ്റിലേക്ക് നയിച്ചത്.

റെയില്‍വേയില്‍ തൊഴില്‍ വാഗ്ദാനം നല്‍കി നിരവധി ആളുകളില്‍ നിന്നായി ലക്ഷങ്ങളാണ് ശ്രീജന്‍ റോയി തട്ടിയെടുത്തത്. ഇവരുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

എന്നാല്‍, തന്നെയും തന്റെ കുടുംബത്തെയും മനപൂര്‍വ്വം അപമാനിക്കാന്‍ മമത ബാനര്‍ജി കെട്ടിച്ചമച്ച കേസാണിതെന്ന് മുകള്‍ റോയി ആരോപിച്ചു. മമത ബിജെപിയെ ഭയക്കുന്നുവെന്നതിന് തെളിവാണിതെന്നും അവരുടെ യഥാര്‍ഥ ലക്ഷ്യം താനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.