അമിത് മാളവ്യ | Photo: Facebook / amitmalviyabjp, രാഹുൽ ഗാന്ധി | Photo : ANI
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യക്ക് ട്രോളോട് ട്രോള്‍. മധ്യപ്രദേശിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ആരതി ഉഴിയുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു മാളവ്യയുടെ പരിഹാസം. ഘടികാര ദിശയ്ക്ക് പകരം എതിര്‍ദിശയിലാണ് രാഹുല്‍ ആരതി ഉഴിയുന്നതെന്നും പൊതുജനശ്രദ്ധ നേടുക മാത്രമാണ് രാഹുല്‍ ലക്ഷ്യമിടുന്നതെന്നും മാളവ്യ ട്വീറ്റില്‍ കുറിച്ചു. എന്നാല്‍ ശരിയായ രീതിയിലാണ് രാഹുല്‍ ആരാധന നടത്തുന്നതെന്ന് വീഡിയോയില്‍ വ്യക്തമായതിനാല്‍ നിരവധി പേര് മാളവ്യയെ പരിഹസിച്ച് കമന്റ് ചെയ്തു.
ഭൗമചലനവുമായി ഐക്യപ്പെട്ടിരിക്കുന്നുവെന്ന ശാസ്ത്രീയവശം ഘടികാരദിശയില്‍ ആരതി ഉഴിയുന്നതിന്റെ പിന്നിലുണ്ടെന്ന് തിരഞ്ഞെടുപ്പിന്റെ വിഷയം വരുമ്പോള്‍ മാത്രം ഹിന്ദുവാകുന്ന രാഹുലിന് അറിയാമായിരുന്നെങ്കില്‍ ജനങ്ങളുടെ ശ്രദ്ധ നേടാനായി ഇത്തരമൊരു പ്രവൃത്തിയ്ക്ക് രാഹുല്‍ മുതിരുമായിരുന്നില്ല- മാളവ്യ ട്വീറ്റ് ചെയ്തു. നാല് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയും മാളവ്യ ട്വീറ്റില്‍ ഉള്‍പ്പെടുത്തി.
എന്നാല്‍, രാഹുല്‍ കൃത്യമായാണ് ആരാധന നടത്തുന്നതെന്നും മാളവ്യ വീഡിയോ കാണുന്നതിലുള്ള പ്രശ്നമാണെന്നും ഒരാള്‍ മറുപടി നല്കി. ഘടികാരദിശയും മറുദിശയും വ്യക്തമാക്കുന്ന ഒരു ഗ്രാഫിക് ചിത്രം പങ്കുവെച്ച് ഭാവിയില്‍ മാളവ്യയ്ക്ക് ഉപകാരപ്പെടുമെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. മോദിയോടും ഇക്കാര്യം പറയരുതായിരുന്നോ എന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി ഉഴിയുന്ന വീഡിയോ ട്വീറ്റ് ചെയ്ത് മാളവ്യയോട് ആരാഞ്ഞു.
Content Highlights: BJP leader Malviya, trolled for his scientific tweet, on Rahul Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..