ജയ്പുര്‍: ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ ബന്ധുക്കളെ തിരിച്ചറിയുന്ന ചിത്രങ്ങള്‍ പങ്കുവെച്ചതിന് രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനുമെതിരെ ജയ്പുരില്‍ പരാതി. ജയ്പൂരിലെ ബാനി പാര്‍ക്കിലെ സെഷന്‍സ് കോടതിയിലാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വ്യക്തിത്വം രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വെളിപ്പെടുത്തിയെന്ന് പരാതിക്കാരനായ ബിജെപി നേതാവ് ജിതേന്ദ്ര ഗോത്വാള്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം ഇവരെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷന്‍ ട്വിറ്ററിന് നോട്ടീസ് നല്‍കിയിരുന്നു.

നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ചിത്രം നീക്കം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിവാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ താത്കാലികമായി മരവിപ്പിച്ചിരുന്നു.

തുടര്‍ന്ന് ബി.ജെ.പിയും നരേന്ദ്ര മോദി സര്‍ക്കാരും ട്വിറ്ററിനെ ഭയപ്പെടുത്തുന്ന തിരക്കിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒന്‍പത് വയസുകാരിയായ പെണ്‍കുട്ടിക്ക് നീതി നല്‍കുന്നതിന് പകരം മോദി സര്‍ക്കാരും ബി.ജെ.പിയും ട്വിറ്ററിനെ ഭീഷണിപ്പെടുത്തുന്ന തിരക്കിലാണെന്നും രാഹുല്‍ ഗാന്ധിയെ നിയമവിരുദ്ധമായി പിന്തുടരുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല കുറ്റപ്പെടുത്തിയിരുന്നു.

 

Content Highlights: BJP leader files complaint against Rahul Gandhi, Twitter for revealing identity of minor rape victim