ലക്‌നൗ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തില്‍ ഉത്തര്‍ പ്രദേശ് പോലീസ് പിടിച്ചുവലിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി വനിതാ നേതാവ്.  മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവായ ചിത്ര വാഗ്‌ ആണ്  യോഗി ആദിത്യനാഥിന്റെ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. പ്രിയങ്കാ ഗാന്ധിയെ യു.പി പുരുഷ പോലീസ് കയ്യേറ്റം ചെയ്യുന്ന ചിത്രം ഉള്‍പ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ചിത്രയുടെ വിമര്‍ശനം. 

ഒരു വനിതാ നേതാവിനോട് ഇങ്ങനെ പെരുമാറാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ് ഇത്തരം പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ചിത്ര ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ചിത്രയുടെ ട്വീറ്റ്. 

ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പോയപ്പോഴാണ് പ്രിയങ്കാ ഗാന്ധിയെ പോലീസ് കയ്യേറ്റം ചെയ്തത്. 

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയപ്പോള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രിയങ്കയുടെ കൂര്‍ത്തയില്‍ ഒരു പോലീസുകാരന്‍ വലിക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പോലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.  ഇതേ തുടര്‍ന്ന് യു.പി പോലീസ് മാപ്പ് പറയുകയും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

Content Highlight: BJP leader demands action against UP police who manhandled priyanka gandh