ചെന്നൈ : മധുരയില്‍ അംബേദ്കര്‍ പ്രതിമയില്‍ മാലയണിയിക്കാന്‍ എത്തിയ ബിജെപി ജില്ലാ പ്രസിഡന്റിനെയും സംഘത്തേയും വി.സി.കെ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഔട്ട് പോസ്റ്റ് ഏരിയയിലുള്ള പ്രതിമയ്ക്ക് സമീപമാണ് സംഭവം. 

ബിജെപി നേതാക്കള്‍ വരുന്നത് കണ്ട് വി.സി.കെ പ്രവര്‍ത്തകര്‍ ആദ്യം മുദ്രാവാക്യം വിളിച്ചെങ്കിലും നേതാക്കള്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ജില്ലാപ്രസിഡന്റ് മഹാ സുശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ വി.സി.കെ പ്രവര്‍ത്തകര്‍ തല്ലി ഓടിച്ചത്. വനിതാ പ്രവര്‍ത്തര്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ക്കെതിരെ കല്ലെറിയുകയും ചെയ്തു.

മധുര കലക്ട്രേറ്റ് പരിസരത്തും സമാന സംഭവമുണ്ടായി. അംബേദ്കര്‍ ദിനത്തിന്റെ ഭാഗമായി പ്രതിമയില്‍ മാലയണിയിക്കാന്‍ ബിജെപിക്കാര്‍ എത്തിയപ്പോള്‍ വി.സി.കെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പോലീസെത്തിയാണ് രണ്ടിടത്തുനിന്നും ബിജെപി നേതാക്കളെ മാറ്റിയത്. സ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുകയാണ് ഇപ്പോള്‍. തമിഴ്നാട്ടില്‍ അംബേദ്കറിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമം നടന്നിരുന്നു. ഇതിന് പിന്നില്‍ ബിജെപിയാണ് എന്ന് വിസികെ ഉള്‍പ്പെടെ ആരോപിക്കുന്നുണ്ട്.

Content Highlight:  BJP leader attacked by VCK workers in Chennai