റായ്പുര്‍: ഛത്തീസ്ഗഢിലെ ഗോശാലയില്‍ ഭക്ഷണം കിട്ടാതെ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവും ഗോശാലയുടെ നടത്തിപ്പുകാരനുമായ ഹരിഷ് വര്‍മയാണ് അറസ്റ്റിലായത്. ഗോ സേവാ ആയോഗിന്റെ പരാതി പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഇരുന്നൂറോളം പശുക്കള്‍ ഇവിടെ ചത്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ 27 പശുക്കള്‍ മാത്രമേ ചത്തിട്ടുള്ളുവെന്നാണ് ഔദ്യോഗിക കണക്ക്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഛത്തീസ്ഗഢ് രാജ്യ ഗോസേവാ ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഹരിഷ് വര്‍മയെ അറസ്റ്റ് ചെയ്തത്. പശുക്കള്‍ക്ക് ശരിയായ ഭക്ഷണവും മറ്റു സൗകര്യങ്ങളും നല്‍കാത്തതിനെ തുടര്‍ന്നാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തതെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി നേതാവും ജമുല്‍ നഗരസഭ വൈസ് പ്രസിഡന്റുമായ ഹരീഷ് വര്‍മയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി ഗോശാല നടത്തുന്നത്. 200ല്‍ അധികം പശുക്കള്‍ ഇവിടെ ഭക്ഷണവും മരുന്നും ലഭിക്കാതെ ചത്തതായി ഗ്രാമവാസികള്‍ ആരോപിച്ചു. ചാകുന്ന പശുക്കളെ അപ്പപ്പോള്‍ കുഴിച്ചുമൂടിയതായും നിരവധി പശുക്കളുടെ ജഡങ്ങള്‍ ഗോശാലയിലും പരിസരത്തും കിടക്കുന്നതായും ഗ്രാമവാസികള്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു ദിവസമായി ഗോശാലയ്ക്കു സമീപം മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. പത്രമാധ്യമങ്ങള്‍ക്ക് ഇതു സംബന്ധിച്ച് വിവരം നല്‍കിയിരുന്നതായും സ്ഥലം പരിശോധിച്ചപ്പോള്‍ നിരവധി കുഴികളെടുത്തതായി വ്യക്തമായതായും നിരവധി പശുക്കളുടെ ജഡങ്ങള്‍ കണ്ടെത്തിയതായും ഗ്രാമവാസിയായ സേവ റാം സാഹു മാധ്യമങ്ങളോട് പറഞ്ഞു. 

സ്ഥലം സന്ദര്‍ശിച്ച മൃഗഡോക്ടര്‍മാരും പശുക്കള്‍ ചത്തത് ഭക്ഷണം ലഭിക്കാത്തതു മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. 27 പശുക്കളുടെ ജഡങ്ങള്‍ പാസ്റ്റ്മോര്‍ട്ടം നടത്തിയതായും ബാക്കിയുള്ളവയെ മറവു ചെയ്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സാധിച്ചില്ലെന്നും ദുര്‍ഗ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എംകെ ചൗള പറഞ്ഞു. 50 പശുക്കള്‍ ഗുരുതര നിലയിലാണെന്നും കൂടുതല്‍ പശുക്കള്‍ ചാകാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, പരിസരത്തെ ഒരു മതില്‍ ഇടിഞ്ഞുവീണാണ് പശുക്കള്‍ ചത്തതെന്ന് ഹരീഷ് വര്‍മ പറഞ്ഞിരുന്നു. ഗോശാലയ്ക്കായി കെട്ടിടം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുവര്‍ഷമായി പണം അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 220 പശുക്കളെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഗോശാലയില്‍ 650 പശുക്കളാണുള്ളതെന്നും പശുക്കള്‍ ചത്തതില്‍ താന്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, 300ല്‍ അധികം പശുക്കള്‍ ഇവിടെ ചത്തിട്ടുണ്ടെന്നും പശുക്കളെ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് വക്താവ് ആര്‍ പി സിങ് ആവശ്യപ്പെട്ടു.