പട്‌ന: ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും സംസ്ഥാന മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിനെ അടിക്കുന്ന ആള്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന വാഗ്ദാനവുമായി ബി ജെ പി നേതാവ് അനില്‍ സാഹ്നി. പട്‌ന ജില്ലയിലെ ബി ജെ പിയുടെ മീഡിയ- ഇന്‍ ചാര്‍ജാണ് അനില്‍.

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയുടെ മകന്റെ വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെടുത്തുമെന്നും വീട്ടില്‍ക്കയറി അടിക്കുമെന്നും തേജ് പ്രതാപ് പറയുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തെത്തുകയും വൈറലാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് തേജ് പ്രതാപിനെ അടിക്കുന്നയാള്‍ക്ക് ഒരു കോടി വാഗ്ദാനവുമായി അനില്‍ രംഗത്തെത്തിയത്.

"തേജ് പ്രതാപിനെ അടിക്കുന്ന ആള്‍ക്ക് ഒരുകോടി രൂപ പ്രതിഫലമായി ഞങ്ങള്‍ നല്‍കും. നമ്മുടെ ബഹുമാന്യനായ ഉപമുഖ്യമന്ത്രിയെ(സുശീല്‍ കുമാര്‍ യാദവ്) വീട്ടില്‍ക്കയറി അടിക്കുമെന്ന് ആര്‍ ജെ ഡി നേതാവ്( തേജ് പ്രതാപ് യാദവ്) ഭീഷണിപ്പെടുത്തി. യാദവിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്"- ഇങ്ങനെയായിരുന്നു അനിലിന്റെ വാക്കുകള്‍.

തേജ് പ്രതാപിന്റെ വീടിനു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും അതിലൂടെ സുശീല്‍ മോദിയോട് മാപ്പ് പറയാന്‍ തേജ് പ്രതാപിനെ നിര്‍ബന്ധിതനാക്കുമെന്നും അനില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നതില്‍നിന്ന് മകനെ തടയണമെന്ന് സുശീല്‍ മോദി ലാലുവിനോട് ആവശ്യപ്പെടുകയും ചെയ്തു. 

അതേസമയം അനില്‍ സാഹ്നിയുടെ പ്രസ്താവന വ്യക്തപരമാണെന്നാണ് ബിഹാര്‍ ബി ജെ പി സംസ്ഥാന വക്താവ് സുരേഷ് രുങ്തയുടെ പ്രതികരണം. അനിലിന്റെ പ്രസ്താവനയില്‍ പാര്‍ട്ടി ഖേദം പ്രകടിപ്പിക്കുന്നതായും സുരേഷ് അറിയിച്ചു. അനിലിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്.

content highlights: tej pratap yadav, anil sahni, rjd leader tej pratap yadav, one crore reward to slap tej pratap yadav, sudhil kumar modi