അരവിന്ദ് കെജ്‌രിവാൾ| Photo: ANI
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. നേതാവ് അമിത് മാളവ്യ. കെജ്‌രിവാള്‍ അര്‍ബന്‍ നക്‌സലാണെന്ന് മാളവ്യ പറഞ്ഞു. 'കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നിയമസഭയില്‍ കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശമാണ് മാളവ്യയെ പ്രകോപിപ്പിച്ചത്.
കശ്മീര്‍ ഫയല്‍സിന് നികുതി ഒഴിവാക്കുന്നതിന് പകരം, നിര്‍മാതാക്കള്‍ സിനിമ യു ട്യൂബില്‍ അപ്‌ലോഡ് ചെയ്താല്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാമല്ലോ എന്നായിരുന്നു കെജ്‌രിവാള്‍ സഭയില്‍ പറഞ്ഞത്. ഇതിനു പിന്നാലെ പല ബി.ജെ.പി. നേതാക്കളും കെജ്‌രിവാളിനെതിരെ രംഗത്തെത്തി. മുന്‍പ് 'നില്‍ ബട്ടേ സാന്റാ', 'സാന്‍ഡ് കി ആംഖ്' എന്നീ ചിത്രങ്ങള്‍ക്ക് നികുതി ഒഴിവാക്കിയ കെജ്‌രിവാള്‍ നടപടിയെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഇത്.
നിര്‍ദയനും ക്രൂരനും മ്ലേഛമായ മനസ്സുള്ളയാള്‍ക്കും മാത്രമേ കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയില്‍ ചിരിക്കാനും നിഷേധിക്കാനും സാധിക്കൂ. കശ്മീര്‍ ഫയല്‍സ് നുണച്ചിത്രമാണെന്ന് പറഞ്ഞതിലൂടെ 32 കൊല്ലമായി സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി കഴിയാന്‍ നിര്‍ബന്ധിതരായ ഹിന്ദുസമൂഹത്തിന്റെ മുറിവുകളെ ചീന്തിത്തുറന്നെന്ന് മാളവ്യ ട്വീറ്റ് ചെയ്തു.
'നില്‍ ബട്ടേ സാന്റ', 'സാന്‍ഡ് കി ആംഖ്' എന്നീ ചിത്രങ്ങള്‍ യു ട്യൂബില്‍ ഇടാന്‍ എന്തുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞില്ല? എന്തുകൊണ്ട് ഡല്‍ഹിയില്‍ നികുതി ഒഴിവാക്കി? ഈ ആളുകളില്‍, ആരുടെയൊക്കെ കാലില്‍ കെജ്‌രിവാള്‍ വീണു? 'കശ്മീര്‍ ഫയല്‍സ്' ഹിന്ദുക്കളുടെ വംശഹത്യയെ കുറിച്ചുള്ളതായതിനാല്‍ ഈ അര്‍ബന്‍ നക്‌സലിന് വയറു വേദന വരികയാണ്- മാളവ്യ ട്വീറ്റില്‍ പറഞ്ഞു.
ബി.ജെ.പി. ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളില്‍ കശ്മീര്‍ ഫയല്‍സിന് നികുതി ഒഴിവാക്കിയിട്ടുണ്ട്. വിവേക് അഗ്നിഹോത്രിയാണ് സിനിമയുടെ സംവിധായകന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ സിനിമയെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlights: bjp leader amit malaviya calls arvind kejriwal urban naxal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..