ലഖ്നൗ/ ഹൈദരാബാദ്: അലഹബാദ്, ഫൈസാബാദ് നഗരങ്ങളുടെ പേര് മാറ്റിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ആഗ്രയടക്കമുള്ള നഗരങ്ങള്‍ക്കും ഹൈദരാബാദ് ഉള്‍പ്പെടെ തെലങ്കാനയിലെ നഗരങ്ങള്‍ക്കും പുതിയ പേര് നല്‍കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്ത്.

ആഗ്രയെ ആഗ്രവാന്‍ എന്നോ അഗര്‍വാള്‍ എന്നോ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് ഗാര്‍ഗ് ആണ് രംഗത്തു വന്നിരിക്കുന്നത്. 'ആഗ്ര എന്ന വാക്കിന് യാതൊരു അര്‍ഥവുമില്ല. അത്തരമൊരു പേരിന് യാതൊരു പ്രസക്തിയുമില്ല. അഗര്‍വാള്‍ സമുദായത്തിലെ ധാരാളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. അതിനാല്‍ നഗരത്തിന്റെ പേര് ആഗ്രവാന്‍ എന്നോ അഗര്‍വാള്‍ എന്നോ ആക്കണം'. വാര്‍ത്താ സമ്മേളനത്തില്‍ ഗാര്‍ഗ് പറഞ്ഞു.

നേരത്തെ മുസാഫര്‍നഗറിന്റെ പേര് ലക്ഷ്മിനഗര്‍ എന്നാക്കി മാറ്റണമെന്ന് ബിജെപി എംഎല്‍എ സംഗീത് സോം ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ഭരണാധികാരികളാണ് ഇന്ത്യന്‍ നഗരങ്ങളുടെ യഥാര്‍ഥ പേരുകള്‍ മാറ്റിയതെന്നും ഇത് തിരിച്ചുകൊണ്ടുവരുന്ന പക്ഷം ഇന്ത്യന്‍ സംസ്‌കാരം വീണ്ടെടുക്കാമെന്നും സോം ന്യായീകരിച്ചിരുന്നു.

അതേസമയം ഡിസംബര്‍ 7ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേറിയാല്‍ ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ പേര് മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഹൈദരാബാദിന് ഭാഗ്യനഗരം എന്ന പഴയ പേര് നല്‍കുമെന്നും പിന്നാലെ സെക്കന്ദരാബാദും കരിംനഗറും ഉള്‍പ്പെടെയുള്ള നഗരങ്ങളും ഇത്തരത്തില്‍ പുനര്‍നാമകരണം ചെയ്യുമെന്നും രാജ്നാഥ് സിങ്  കൂട്ടിച്ചേര്‍ത്തു.