മുംബൈ: നിരോധിച്ച ചൈനീസ് ആപ്പ് ഔദ്യോഗിക ആശയവിനിമയത്തിനായി ബിജെപി ഉപയോഗിച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വക്താവുമായ സച്ചിന് സാവന്ത്. ബിജെപി പുറത്തിറക്കിയ ഒരു പത്രക്കുറിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടാണ് സച്ചിന്റെ ആരോപണം.
നിരോധിച്ച 59 ചൈനീസ് ആപ്പുകളുടെ പട്ടികയില്‍പെട്ട കാം സ്കാനര്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത പത്രക്കുറിപ്പിന്റെ ചിത്രമാണ് സച്ചിന് പങ്കുവെച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഒബിസി മോര്‍ച്ചയില്‍ പ്രവര്‍ത്തകരെ നിയമിച്ചുകൊണ്ടുളള ഒരു പത്രക്കുറിപ്പ് ബിജെപി തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു. ഇത് കാം സ്കാനര്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്തതാണെന്നാണ് സച്ചിന്റെ ആരോപണം.
'കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ആപ്പ് ബിജെപി പരസ്യമായി ഉപയോഗിക്കുന്നുണ്ടെന്നുളളത് ലജ്ജാവഹവും ദുഃഖകരവുമാണ്. ബിജെപി ഇപ്പോഴും ചൈനയുമായി സ്നേഹത്തിലാണെന്നാണ്് ഇത് കാണിക്കുന്നത്. ചൈനീസ് ആപ്പ് നിരോധിക്കാനുളള മോദി സര്‍ക്കാരിന്റെ നടപടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള ഒരു അസംബന്ധം മാത്രമായിരുന്നു.' സാവന്ത് പറയുന്നു.
എന്നാല്‍ സാവന്തിന്റെ വിമര്‍ശനത്തെ പ്രതിരോധിച്ചുകൊണ്ട് ബിജെപി രംഗത്തെത്തി. 'ഞങ്ങള്‍ ആശയവിനിമയത്തിനായി നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഉപയോഗിച്ചിട്ടില്ല. ഞങ്ങള്‍ ഫയലുകള്‍ പി.ഡി.എഫ് ഫോര്‍മാറ്റിലാണ് അയച്ചത്. നിരോധിച്ച ആപ്പുപയോഗിച്ച് മറ്റാരെങ്കിലും അത് സ്കാന്‍ ചെയ്തോ എന്ന കാര്യം ഞങ്ങള്‍ക്കറിവില്ല.' മഹാരാഷ്ട്ര ബിജെപി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു.
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 29നാണ് കേന്ദ്ര സര്‍ക്കാര്‍ ടിക് ടോക് ഉള്‍പ്പടെയുളള ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്.
Content Highlights:BJP is still in love with China says Maharashtra Congress leader
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..