ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി രാജ്യവ്യാപക സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കാന്‍ ബി.ജെ.പി. കഴിഞ്ഞ മാസം, കോവിഡ് തരംഗം ശക്തിപ്രാപിച്ചതിനും പ്രതിപക്ഷം വിമര്‍ശനം രൂക്ഷമാക്കിയതിനും പിന്നാലെയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, 'സേവാ ഹി സംഘാടന്‍' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

'സേവാ ഹി സംഘാട'ന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി വാക്സിനേഷന്‍ കാമ്പയിനുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഗ്രാമങ്ങളില്‍ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കല്‍ എന്നിവയ്ക്ക് സഹായം നല്‍കാന്‍ നഡ്ഡ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. 45 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്സിനും ലഭിച്ചെന്ന് ഉറപ്പുവരുത്താന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് വാക്സിനേഷന്‍ കാമ്പയിന്‍. 

18-44 പ്രായക്കാര്‍ക്കിടയില്‍, രോഗം പിടിപെടാന്‍ കൂടുതല്‍ സാധ്യതയുള്ള വിഭാഗക്കാരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെലിവറി മെന്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, പത്രവിതരണക്കാര്‍, ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്നവര്‍ തുടങ്ങിയവരോട് വാക്സിന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുക, അഭ്യര്‍ഥനയ്ക്ക് അനുസരിച്ച് രക്തം ലഭ്യമാക്കുക, ആവശ്യകതയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളിലും മറ്റും റേഷന്‍ കിറ്റുകളും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്യുക, എല്ലാവര്‍ക്കും രോഗം ബാധിച്ച വീടുകളിലും വയോധികര്‍ മാത്രം ഉള്ള വീടുകളിലും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നഡ്ഡ നല്‍കിയിട്ടുണ്ട്. 

ഗ്രാമീണ മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ സംസ്ഥാന തലത്തില്‍ സംഘങ്ങള്‍ രൂപവത്കരിക്കും. തെര്‍മല്‍ സ്‌കാനറുകള്‍, ഓക്സിമീറ്ററുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രാദേശിക പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിക്കുകയും ചെയ്യും. 

content highlights:  BJP is set to start the second phase of a countrywide voluntary service