രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ|File Photo: Mathrubhumi
ന്യൂഡല്‍ഹി: അഭിമന്യുവിനെ പത്മവ്യൂഹത്തില്‍ കുടുക്കിയതു പോലെ രാഹുല്‍ ഗാന്ധിയെ ജയിലിലാക്കാന്‍ ബി.ജെ.പി. ഗൂഢാലോചന നടത്തുന്നുവെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പ്രതിപക്ഷ നേതാക്കളെ സംഘടിതമായി നിശ്ശബ്ദമാക്കാനുള്ള നീക്കമാണ് ബി.ജെ.പി. നടത്തുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ തളയ്ക്കാനാണ് ശ്രമം. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ ഉണ്ടാക്കിയ ജനസമ്മതിയെ ബി.ജെ.പി. ഭയപ്പെടുന്നു. നിയമ നടപടികള്‍ക്കായി കോണ്‍ഗ്രസ് അഞ്ചംഗ സമിതിയെ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ല. പതിനെട്ടോളം കേസുകള്‍ ഇനിയും അദ്ദേഹത്തിന് എതിരെയുണ്ട്. പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. രാഹുലിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയരാതിരിക്കാനുള്ള നീക്കങ്ങളാണിത്. രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാനുള്ള ഗൂഢപദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാഹുല്‍ ഗാന്ധിയെ സംഘടിതമായി ഇകഴ്ത്തുകയായിരുന്നു ഇത്രയും കാലം ചെയ്തത്. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. അതിലേതാണ് തെറ്റെന്ന് ചിന്തിക്കുന്ന പൊതുസമൂഹം വിലയിരുത്തട്ടെ. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. കേന്ദ്രസര്‍ക്കാറിന്റെ തെറ്റുകള്‍ മൂടിവയ്ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു. എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ ഇല്ലാതാക്കുന്നു.
സാധാരണക്കാര്‍ ആശ്രയിക്കുന്ന എല്‍.ഐ.സിയെയും എസ്.ബി.ഐയെയും ഗുരുതരമായി ബാധിക്കുന്ന അദാനി പ്രശ്നത്തില്‍ രേഖകളോടെ രാഹുല്‍ ഗാന്ധി ചോദ്യം ഉന്നയിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിശബ്ദമാക്കാനുള്ള നാടകങ്ങള്‍ നടന്നു. രാഹുലിന്റെ പ്രസംഗം പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്ത ശേഷം എന്തിനാണ് അദ്ദേഹത്തിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയതെന്ന് മനസിലാകുന്നില്ല. കാശ്മീര്‍ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്കു പോലീസിനെ അയച്ച് അദ്ദേഹത്തെ പീഡിപ്പിക്കാനും ശ്രമം നടത്തി. ഏറ്റവും ഒടുവിലത്തേതാണ് സൂറത്ത് കോടതിയിലെ കേസ്. ആ കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ അതിലെ ബാഹ്യയിടപെടല്‍ ആര്‍ക്കും ബോധ്യമാകും. നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബി.ജെ.പി. അങ്ങനെയല്ല. കേന്ദ്ര നിയമമന്ത്രി ജുഡീഷ്യറിക്കെതിരായി നിരന്തരം നടത്തുന്ന പരാമര്‍ശങ്ങള്‍ അതിന് ഉദാഹരണമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
അദാനി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാമെന്നു സര്‍ക്കാര്‍ വിചാരിക്കേണ്ടെന്നും ഈ വിഷയം ശക്തമായി ഉയര്‍ത്തി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യവ്യാപക പ്രചാരണത്തിനു കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. ഭരണപക്ഷം ബഹളം വെച്ച് പാര്‍ലമെന്റ് ഗില്ലറ്റിന്‍ ചെയ്യുന്നത് ആദ്യ സംഭവമാണ്. കോണ്‍ഗ്രസിന്റെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. മോദി വിദേശത്ത് പോയി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയാലത് ദേശവിരുദ്ധമല്ല. രാഹുല്‍ ഗാന്ധി ലണ്ടനിലെ ഒരു സെമിനാറിലെ ചോദ്യത്തിന് ഉത്തരമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് ദേശവിരുദ്ധമായി ചിത്രീകരിക്കുന്നു. ബ്രട്ടീഷ് സാമ്രാജ്യത്തോട് പൊരുതി അവരെ പരാജയപ്പെടുത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇതുകണ്ടെന്നും ഭയന്നോടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Content Highlights: BJP is plotting to jail Rahul- KC Venugopal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..