മുംബൈ: സര്‍ക്കാര്‍ രൂപീകരണത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് ശിവസേന. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് വിഷയത്തില്‍ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട് ശിവസേന നേതാവ് കിഷോര്‍ തിവാരി കത്തയച്ചു. ബിജെപി സഖ്യധര്‍മം പാലിക്കുന്നില്ലെന്നും പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്നുമാണ് ശിവസേന നേതാവിന്റെ ആവശ്യം. 

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അടുത്ത സുഹൃത്തുകൂടിയാണ് കിഷോര്‍ തിവാരി. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നും മന്ത്രിസഭയിലെ പകുതിയോളം സീറ്റുകള്‍ നല്‍കാമെന്നും ധാരണയിലെത്തിയിരുന്നതാണെന്നുമാണ് ശിവസേന പറയുന്നത്. എന്നാല്‍ അങ്ങനെയൊരു ധാരണ ഇല്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന സഖ്യത്തിന് അനുകൂലമായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ബിജെപി സഖ്യധര്‍മം പാലിക്കുന്നില്ലെന്നും സര്‍ക്കാര്‍ രൂപീകരണം വൈകിക്കുകയാണെന്നും മോഹന്‍ ഭാഗവതിന് അയച്ച കത്തില്‍ കിഷോര്‍ തിവാരി പറയുന്നു. അതിനാല്‍ പ്രശ്‌ന പരിഹാരത്തിന് ആര്‍എസ്എസ് ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം വിഷയത്തില്‍ ആര്‍എസ്എസ് നേതൃത്വം ഇതുവരെ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. 

50: 50 എന്ന രീതിയില്‍ അധികാരം പങ്കിടണമെന്ന നിലപാടില്‍ നിന്ന് ശിവസേന ഇതുവരെ പിന്നോക്കം പോയിട്ടില്ല. എന്നാല്‍ ഇക്കാര്യം സാധ്യമല്ലെന്ന നിലപാടിലാണ് ബിജെപി. 2014 ല്‍ ബിജെപിയുടെ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ അംഗീകരിച്ചിരുന്നുവെന്നും ഇത്തവണ അതുണ്ടാകില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌ന എഡിറ്റോറിയലില്‍ വ്യക്തമാക്കിയിരുന്നു. 

ബിജെപിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വരെ ശിവസേന സൂചനകള്‍ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റെ ഇടപെടല്‍ വേണമെന്ന ശിവസേന നേതാവിന്റെ കത്ത് പുറത്തുവരുന്നത്.

Content Highlights:  BJP is not following "coalition dharma", Sena Leader Writes To RSS Chief Mohan Bhagwat