ന്യുഡല്‍ഹി: ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസിന് ബി.ജെ.പി എതിരല്ലെന്ന് സുശീല്‍ കുമാര്‍ മോദി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് ആവശ്യപ്പെടാനിരിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയുടെ ഈ പ്രസ്താവന.

'ബിജെപി ഒരിക്കലും ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന് എതിരല്ല, നിയമസഭയിലും കൗണ്‍സിലിലും ഇത് പിന്തുണയ്ക്കുന്ന പ്രമേയങ്ങളുടെ ഭാഗമായിരുന്നു ഞങ്ങളും. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന സംഘത്തില്‍ ബിജെപി പ്രതിനിധിയും ഉണ്ട്' സുശീല്‍ മോദി ഞായറാഴ്ച ഒരു ട്വിറ്ററില്‍ കുറിച്ചു.

ബിജെപിയുടെ ഗോപിനാഥ് മുണ്ടെ മുന്‍പ് ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസിന് അനുകൂലമായി സംസാരിച്ചിട്ടുണ്ടെന്ന് മറ്റൊരു ട്വീറ്റില്‍ സുശീല്‍ മോദി പറഞ്ഞു. 'അന്നത്തെ സര്‍ക്കാര്‍ ഒരു സാമൂഹിക, സാമ്പത്തിക, ജാതി അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ നടത്തിയപ്പോള്‍, ശേഖരിച്ച ഡാറ്റയില്‍ പോരായ്മകളുണ്ടായിരുന്നു. സമുദായങ്ങളുടെ എണ്ണം ലക്ഷങ്ങളായി. പിശകുകള്‍ കാരണം ആ റിപ്പോര്‍ട്ട് പരസ്യമാക്കിയില്ല. ഇത് സെന്‍സസിന്റെ ഭാഗമായിരുന്നില്ല,'' അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍ 1931-ല്‍ ബിഹാറും ജാര്‍ഖണ്ഡും ഒഡീഷയും ഒന്നായിരിക്കെയാണ് ജാതി അടിസ്ഥാനത്തിലുള്ള ഒരു കണക്കെടുപ്പ് ഇന്ത്യയില്‍ അവസാനമായി നടന്നതെന്നും സുശീല്‍ മോദി കൂട്ടിച്ചേര്‍ത്തു.

'അക്കാലത്ത്, ബീഹാറിലെ ഏകദേശം 1 കോടി ജനങ്ങളില്‍, 22 ജാതിയിലുള്ള ആള്‍ക്കാരുടെ കണക്ക് മാത്രമാണ് ശേഖരിച്ചിരുന്നത്. 90 വര്‍ഷത്തിനിപ്പുറം സാമ്പത്തികമായും സാമൂഹികമായും ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഇപ്പോള്‍ വളരെ വലിയ വ്യത്യാസങ്ങളുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസില്‍ സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ബിജെപി തത്വത്തില്‍ ഇതിനെ പിന്തുണയ്ക്കുന്നു.' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജാതി അടിസ്ഥാനത്തില്‍ ഒരു കണക്കെടുപ്പ് നടത്തേണ്ടെന്ന് തീരുമാനിച്ചതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞ് ആഴ്ചകള്‍ക്കുശേഷമുള്ള സുശീല്‍ മോദിയുടെ ഈ പരാമര്‍ശങ്ങള്‍ ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ നയത്തിനെതിരാണെന്നുള്ളതാണ് പരക്കെയുള്ള ആക്ഷേപം.

ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് വേണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, മറ്റ് 10 രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനിരിക്കെയാണ് സുശീല്‍ മോദിയുടെ പ്രസ്താവനകള്‍.

Content highlights: Bjp is not against caste based census says sushil kumar modi