ചെന്നൈ: വിഭജന ശക്തികളുടെ അഭയകേന്ദ്രമാണ് തമിഴ്‌നാടെന്ന വിമര്‍ശമുന്നയിച്ച ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്ക് മറുപടിയുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. തമിഴ് സംസ്‌കാരത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ശത്രുക്കളാണ് ബിജെപിയെന്ന് സ്റ്റാലിന്‍ ആരോപിച്ചു. 

രാജ്യത്തെ ജനാധിപത്യത്തെ ബിജെപി വെല്ലുവിളിക്കുന്നു. ബിജെപിയുടെ കളിപ്പാവയായി മാറിയ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിന്റെ പുറത്തുകയറി അവര്‍ ഡിഎംകെയെ ലക്ഷ്യംവച്ച് നീക്കം നടത്തുകയാണ്. ജനാധിപത്യ പാര്‍ട്ടിയാണ് ഡിഎംകെ. രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് എക്കാലത്തും പ്രവര്‍ത്തിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഡിഎംകെ പ്രക്ഷോഭം നടത്തിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും ആയിരുന്നു ആ പ്രക്ഷോഭം. 

എന്നാല്‍ ഇന്ന് ഇന്ത്യയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് ബിജെപി തള്ളിവിട്ടിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയും രാജ്യത്തിന്റെ നാനാത്വത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. പല നേതാക്കളെയും വീട്ടുതടങ്കലില്‍ ആക്കിയതിനെയും രാഷ്ട്രീയ എതിരാളികളെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നതിനെയും സ്റ്റാലിന്‍ പ്രസ്താവനയില്‍ വിമര്‍ശിച്ചിട്ടുണ്ട്. 

ഹിന്ദി അറിയില്ലെന്ന് പറഞ്ഞ ഡിഎംകെ എംപി കനിമൊഴി ഇന്ത്യക്കാരിയാണോ എന്ന ചോദ്യം നേരിടേണ്ടി വന്നതിനെക്കുറിച്ചും അടുത്തിടെ നടന്ന യോഗ വെബിനാറില്‍നിന്ന് ഹിന്ദി സംസാരിക്കാത്തവരെ ഒഴിവാക്കിയതിനെക്കുറിച്ചും സ്റ്റാലിന്‍ വിമര്‍ശം ഉന്നയിച്ചിട്ടുണ്ട്. ബിജെപി തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കളെ വിലയ്ക്കുവാങ്ങാന്‍ ശ്രമിക്കുകയാണെന്നും ദേശീയ ഐക്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും ബിജെപി എതിരാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. 

നേരത്തെ തമിഴ്‌നാട് ബിജെപി എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങി (വെര്‍ച്വല്‍) നെ അഭിസംബോധന ചെയ്തുകൊണ്ടാണ് നഡ്ഡ ഡിഎംകെയ്‌ക്കെതിരെ വിമര്‍ശം ഉന്നയിച്ചത്. 2021 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ദ്രാവിഡ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് അദ്ദേഹം സംസ്ഥാന നേതാക്കളോട് നിര്‍ദ്ദേശിച്ചു. ഡിഎംകെ രാജ്യതാത്പര്യങ്ങള്‍ക്കും രാജ്യ വികസനത്തിനും എതിരാണ്. അവര്‍ രാജ്യതാത്പര്യത്തിന് എതിരായ വികാരം ഉണര്‍ത്തുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പ്രചാരണ വിഷയമാക്കണമെന്ന് നഡ്ഡ ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഇന്ത്യ ഒന്നാണെന്നും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു.

Content Highlights: BJP is enemy of Tamil culture and national unity - Stalin