മുംബൈ: മുംബൈ മയക്കുമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ ബി.ജെ.പി വേട്ടയാടിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്ക് ജനാധിപത്യമില്ലെന്നും അത് ക്രൂരന്‍മാരുടെ പാര്‍ട്ടിയാണെന്നും മമത കുറ്റപ്പെടുത്തി. രബീന്ദ്രനാഥ ടാഗോര്‍ ശിവജിയെ കുറിച്ച് എഴുതിയ കവിത ചൊല്ലിയ മമത ബംഗാളും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രസംഗിച്ചു.

മാനവശേഷിയാണ് ഇന്ത്യ ഇഷ്ടപ്പെടുന്നതെന്നും ഒരിക്കലും മസില്‍പവറല്ലെന്നും അവര്‍ പറഞ്ഞു. ബിജെപിയുടെ ക്രൂരമായ ഭരണത്തിനെതിരേ എല്ലാവരും ഒരുമിച്ച് നിന്നാല്‍ വിജയം സുനിശ്ചിതമാണെന്നും മമത കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതാണ് ബംഗാള്‍ മുഖ്യമന്ത്രി.

രാജ്യത്ത് നടക്കുന്ന ഏതൊരു തരം അനീതിക്കെതിരേയും കഴിയുന്നത് പോലെയെല്ലാം പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. സംവിധായകന്‍ മഹേഷ് ഭട്ടിനേയും നടന്‍ ഷാരൂഖ് ഖാനേയും ബിജെപി അനാവശ്യമായി വേട്ടയാടുകയായിരുന്നെന്നും മമത പറഞ്ഞു.

Content Highlights: Bjp is a cruel and undemocratic party says mamata banerjee