മുംബൈ: ബിജെപിക്ക് മഹാത്മാഗാന്ധിയേയോ സവര്‍ക്കറേയോ ഇതുവരെ മനസ്സിലായിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ശിവസേന സംഘടിപ്പിച്ച ദസറ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്‌നാഥ് സിങ്ങിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഉദ്ധവിന്റെ പ്രതികരണം. ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ സമര്‍പ്പിച്ചത് ഗാന്ധിജിയുടെ ആവശ്യപ്രകാരമാണെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന. 

മഹാരാഷ്ട്രയിലെ ദെഗ്ലൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ ശിവസേനാ എംഎല്‍എയെ ബിജെപി രംഗത്തിറക്കുന്നതിനേയും ഉദ്ധവ് പരിഹസിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പോലും ഒരു സ്ഥാനാര്‍ഥി ഇല്ലെന്നായിരുന്നു ഉദ്ധവ് പറഞ്ഞത്. 

സ്വതന്ത്ര ഭാരതത്തിന്റെ പ്രതിരോധ, നയതന്ത്ര തലങ്ങളിലെ ഏറ്റവും വലിയ ദാര്‍ശനികനും ഇന്ത്യന്‍ ചരിത്രത്തിലെ മഹാനായ നായകനുമായിരുന്നു സര്‍വക്കര്‍ എന്ന് രാജ്നാഥ് സിങ് പറഞ്ഞിരുന്നു. നമ്മുടെ ദേശീയ നായകരെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം, എന്നാല്‍ ഒരു പ്രത്യേക കാഴ്ചപ്പാടോടെ അവരെ കാണുന്നത് ശരിയല്ല. സവര്‍ക്കര്‍ ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞിരുന്നു. രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരേ നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. 

Content Highlights: BJP Hasn't Understood Either VD Savarkar Or Mahatma Gandhi says Uddhav Thackeray