ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകര്‍ക്കും ശശി തരൂര്‍ എംപിക്കുമെതിരായ എഫ്‌ഐആറില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത്തരമൊരു പ്രവൃത്തിയിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി കീറിമുറിച്ചെന്ന് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. എഫ്‌ഐആറിട്ട് ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ ഈ ശീലം വളരെ വിഷമയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

"ജനാധിപത്യത്തെ ബഹുമാനിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭയത്തിന്റെ അന്തരീക്ഷം ജനാധിപത്യത്തിന് അപകടകരമാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും ജനപ്രതിനിധികള്‍ക്കെതിരേയും എഫ്‌ഐആർ ഇട്ടതിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി സർക്കാർ കീറി മുറിച്ചു",  പ്രിയങ്ക ഗാന്ധി പറഞ്ഞു.  

ഡല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരേയും ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും നോയിഡ പോലീസ് കേസെടുത്തിരുന്നു.

മൃണാള്‍ പാണ്ഡെ, രാജ്ദീപ് സര്‍ദേശായി, വിനോദ് ജോസ്, സഫര്‍ ആഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയാണ് എഫ്ഐആര്‍ ചുമത്തിയത്. 

content highlights: BJP has 'torn to shreds' dignity of democracy- says Priyanka Gandhi