ബിജെപി കോടികള്‍ എറിഞ്ഞെന്ന് ആരോപണം, എന്നിട്ടും പാര്‍ട്ടി വിടാതെ എംഎല്‍എമാര്‍; കെജ്രിവാളിന്റെ അടവോ?


അനൂപ് ദാസ്/മാതൃഭൂമി ന്യൂസ്‌

2 min read
Read later
Print
Share

അരവിന്ദ് കെജ്‌രിവാൾ | Photo: Mathrubhumi

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കോടികള്‍ എറിയുന്നു എന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം. എന്നിട്ടും എംഎല്‍എമാര്‍ ആരും പാര്‍ട്ടി വിട്ട് പോകാത്തതില്‍ വലിയ സന്തോഷവും അരവിന്ദ് കെജ്രിവാള്‍ പ്രകടിപ്പിച്ചു. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെ വലിയൊരു നാടകം ആലോചിച്ച് നടപ്പിലാക്കുകയായിരുന്നു ആംആദ്മി പാര്‍ട്ടിയെന്ന് മനസ്സിലാകും ആ സംഭവങ്ങളിലൂടെയാകെ സഞ്ചരിച്ചാല്‍.

എഎപി എംഎല്‍എമാരുടെ ഒരു അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതായി പാര്‍ട്ടി ഇന്നലെ വൈകീട്ട് അറിയിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഡല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു സന്ദേശം ലഭിച്ചു. നാല് എഎപി എംഎല്‍എമാരെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നായിരുന്നു ആ വിവരം. ഈ വാര്‍ത്തയുടെ ഉറവിടം എഎപി നേതാക്കള്‍ തന്നെ. സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ബിജെപി ഓപ്പറേഷന്‍ താമര ഡല്‍ഹിയിലും നടപ്പിലാക്കുന്നതായി വാര്‍ത്ത പരന്നു. രാജ്യത്തിന്റെ പലഭാഗത്തുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നില്‍ നിന്ന് തത്സമയം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാമറകള്‍ക്ക് മുന്നിലേക്ക്‌ എംഎല്‍എമാര്‍ ഓരോരുത്തരായി വന്നിറങ്ങി.

യോഗം പതിനൊന്ന് മണിയ്ക്കാണ്. 10:30ന് എത്തി, ആദ്യം അകത്തേയ്ക്ക് കയറിപ്പോയ തിമര്‍പൂര്‍ എംഎല്‍എ ദിലീപ് പാണ്ഡെ നേതാക്കളില്‍ ചിലരുമായി സംസാരിച്ച് പുറത്തേയ്ക്കിറങ്ങി വന്നു. ബിജെപിയ്ക്കെതിരെ വന്‍ ആരോപണം, പാര്‍ട്ടി മാറാന്‍ 40 എംഎല്‍എമാര്‍ക്ക് 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തു എന്ന് ദിലീപ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ബിജെപിയ്ക്ക് 800 കോടിരൂപ എവിടെ നിന്ന് ലഭിച്ചു എന്ന് അന്വേഷിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ആ സമയം ആകെ എട്ട് എംഎല്‍എമാര്‍ മാത്രമേ കെജ്രിവാളിന്റെ വീട്ടിലെത്തിയിരുന്നുള്ളു. ഓപ്പറേഷന്‍ താമര എന്ന പ്രചാരണം വീണ്ടും ശക്തിപ്പെട്ടു. പുതിയ വാര്‍ത്ത, ചാനലുകളും ഓണ്‍ലൈന്‍ സൈറ്റുകളും വഴി രാജ്യമാകെ പറന്നു. എന്നാല്‍ അടുത്ത 45 മിനുട്ടിനിടെ 53 എംഎല്‍എമാര്‍ കെജ്രിവാളിന്റെ വീട്ടിലെത്തി. സ്പീക്കര്‍ ഉള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ സംസ്ഥാനത്തിന് പുറത്താണ് എന്ന വിവരം എഎപി നേതാക്കള്‍ തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കി. ഒരു എംഎല്‍എ ജയിലിലുമാണ്. കണക്ക് പ്രകാരം എഎപിയുടെ മുഴുവന്‍ എംഎല്‍എമാരും പാര്‍ട്ടിക്കൊപ്പം തന്നെ. യോഗം അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് എത്തി. ബിജെപിയുടെ അട്ടിമറി ശ്രമം കെജ്രിവാള്‍ പരാജയപ്പെടുത്തി എന്ന് പ്രഖ്യാപിച്ചു.

പിന്നാലെ എംഎല്‍മാര്‍ കെജ്രിവാളിന്റെ വീടിന് പുറത്തേയ്ക്ക്. എല്ലാവരും കെജ്രിവാളിനെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചു. ശേഷം രാജ്ഘട്ടിലേയ്ക്ക്. പിറകെ കെജ്രിവാളും എത്തി. അഞ്ച് മിനുട്ട് നേരം രാജ്ഘട്ടില്‍ ചിലവഴിച്ച ശേഷം പുറത്ത് വന്ന് മാധ്യമങ്ങളെ കണ്ടു. ഡല്‍ഹിക്കാര്‍ നെറിയുള്ള പാര്‍ട്ടിയ്ക്കാണ് വോട്ട് ചെയ്തത്, ഒറ്റ എംഎല്‍എയും ബിജെപിയിലേക്ക് പോകില്ല എന്ന് പ്രഖ്യാപനം. മനീഷ് സിസോദിയയെപ്പോലെ ഒരാളെ തനിയ്ക്ക് ലഭിച്ചത് മുന്‍ ജന്മത്തിലെ നല്ല പ്രവര്‍ത്തി കൊണ്ടെന്നും പറഞ്ഞു കെജ്രിവാള്‍. അതോടെ ഇന്ന് എഎപി തീരുമാനിച്ച പരിപാടികളെല്ലാം കഴിഞ്ഞു. മാധ്യമങ്ങളും പിരിഞ്ഞു.

പുതിയ മദ്യ നയത്തിലൂടെ ഡല്‍ഹിയിലെ മദ്യശാലകളുടെയെല്ലാം നടത്തിപ്പ് ഡല്‍ഹി സര്‍ക്കാര്‍ സ്വകാര്യവത്ക്കരിച്ചിരുന്നു. ഇതിലൂടെ, പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്‍പ് എഎപിയ്ക്ക് കോടികളുടെ അഴിമതിപ്പണം ലഭിച്ചതായി ആരോപണം ഉയര്‍ന്നു. തുടര്‍ന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ നടപടി. അഴിമതിക്കഥകളിലെ ചര്‍ച്ചകള്‍ ഭാഗീകമായെങ്കിലും വഴിതിരിച്ചു വിടാന്‍ കഴിഞ്ഞ കുറച്ച് ദിവസമായി പ്രചരിപ്പിക്കുന്ന ഓപ്പറേഷന്‍ താമരയിലൂടെ ആംആദ്മി പാര്‍ട്ടിയ്ക്ക് കഴിഞ്ഞു. ഇനി അതല്ല, ബിജെപി സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചു എന്ന് തന്നെയാണ് എങ്കില്‍ കയ്യിലുണ്ട് എന്ന് പറയുന്ന തെളിവ് പുറത്തുവിടാന്‍ അരവിന്ദ് കെജ്രിവാളും പാര്‍ട്ടിയും തയ്യാറാവണം.

Content Highlights: bjp has set aside 800 crore to buy 40 MLAs, kejriwal's allegation against bjp

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Opposition

2 min

ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ഥി; 450 മണ്ഡലങ്ങളില്‍ മുന്നേറ്റത്തിന് ഒറ്റക്കെട്ടാകാന്‍ പ്രതിപക്ഷം

Jun 8, 2023


mavelikkara murder

1 min

ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പോലീസ്; ലക്ഷ്യംവച്ചവരില്‍ പോലീസ് ഉദ്യോഗസ്ഥയും

Jun 9, 2023


medical

രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച് കേന്ദ്രസർക്കാർ; കേരളത്തിന് ഒന്നുപോലുമില്ല

Jun 8, 2023

Most Commented