ന്യൂഡല്‍ഹി: സഖ്യകക്ഷികളെ വേണ്ടവിധം പരിഗണിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ബിജെപിക്ക് അകാലിദളിന്റെ മുന്നറിയിപ്പ്. സഖ്യകക്ഷികളുമായി നല്ല ബന്ധം പുലര്‍ത്തിയില്ലെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ മുന്നറിയിപ്പ് നല്‍കി.

അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടി 200ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് താന്‍ കരുതുന്നില്ലെന്ന് നരേഷ് ഗുജ്‌റാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നേ കൃത്യമായ സഖ്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ വിജയികളാകും. അതുകൊണ്ട് തന്നെ ശിവസേന അടക്കമുള്ള കക്ഷികളുമായി ബിജെപി നല്ല ബന്ധത്തിലെത്തുന്നതാണ് സഹായകമാകുക. ശിവ്‌സേന അടക്കമുള്ളവരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് സഖ്യം തുടരണം.

2014ല്‍ അധികാരമേറ്റശേഷമുള്ള ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തോല്‍വിയിലൂടെ ബിജെപി കടന്നുപോകുന്ന അവസരത്തിലാണ് അകാലിദളിന്റെ മുന്നറിയിപ്പ്. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയില്ലെങ്കില്‍ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോവുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയാണ് പ്രധാനം. അവര്‍ക്കത് നല്കിയില്ലെങ്കില്‍ വോട്ടുകള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി പോകും. സാമ്പത്തിക ഘടകങ്ങളും ഗ്രാമീണമേഖലകളിലെ അപസ്വരങ്ങളും നമ്മള്‍ കാണാതെ പോകരുത്. നരേഷ് ഗുജ്‌റാള്‍ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്‌.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു. ഛത്തീസ്ഗഡില്‍ നാണംകെട്ട തോല്‍വിയാണ് ബിജെപിക്കുണ്ടായത്. ഈ സാഹചര്യത്തിലാണ് അകാലിദളിന്റെ മുന്നറിയിപ്പ്. 

Content Highlights: BJP has received a sharp message from akalidal, BJP, Siromani Akalidal