ചെന്നൈ :പോളിങ് ബൂത്തില്‍ അതിക്രമിച്ചു കയറിയെന്നാരോപിച്ച് കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനെതിരേ ബിജെപി പരാതി നല്‍കി. മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനൊപ്പം കോയമ്പത്തൂര്‍ സൗത്തിലെ പോളിങ് ബൂത്ത് സന്ദര്‍ശനം നടത്തിയതിനെതിരെയാണ് പരാതി. 

കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കമല്‍ ഹാസന്‍ ചെന്നൈയിലെ ആള്‍വാര്‍പേട്ടയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിലെ പോളിങ് ബൂത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മക്കളായ ശ്രുതി, അക്ഷര എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. 

മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വാനതി ശ്രീനീവാസന് വേണ്ടി ജില്ലാ പ്രസിഡന്റ് നന്ദകുമാറാണ് ശ്രുതിക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

വിമാനമിറങ്ങി കമല്‍ഹാസന്‍ കെമ്പട്ടി കോളനിയില്‍ കോര്‍പറേഷന്‍ സ്‌കൂളിലെ പോളിങ് ബൂത്തില്‍ സന്ദര്‍ശനം നടത്തി. പിന്നീട് പുറത്തുവന്ന അദ്ദേഹം മണ്ഡലത്തില്‍ പണത്തിന്റെ ഒഴുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സാധനങ്ങള്‍ വാങ്ങാനുള്ള ടോക്കണുകള്‍ വീടുകള്‍തോറും നല്‍കിയതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് വരണാധികാരികള്‍ക്ക് നല്‍കുമെന്നും അറിയിച്ചു. പിന്നീട് ബിജെപിക്കെതിരേ അദ്ദേഹം റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. 

മണ്ഡലത്തില്‍ പണമൊഴുക്ക് കൂടുതലായി ശ്രദ്ധയില്‍പ്പെട്ടാല്‍ റീപോളിങ് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പരാജയം ഭയക്കുന്നവരാണ് പണം നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിക്കുന്നതെന്നും ഇങ്ങനെ ചെയ്യുന്നത് ജനാധിപത്യത്തിനെതിരാണെന്നും കമല്‍ പറഞ്ഞു.

Content Highlights:BJP has filed a complaint against Kamal Haasan’s daughter Shruti Haasan