ഉദ്ധവിനെ പോലെ വീഴ്ത്താന്‍ ബിജെപി ശ്രമം; സോണിയയെ കാണാന്‍ നിതീഷ്, കണക്കൊരുക്കി തേജസ്വി


തേജസ്വി യാദവ്, നിതീഷ്, അമിത് ഷാ |ഫോട്ടോ:PTI

പട്‌ന: ബിഹാറില്‍ ഭരണകക്ഷികളായ ബിജെപിയും ജെഡിയുവും തമ്മിലുള്ള ബന്ധം പൊട്ടിത്തെറിയിലേക്ക്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ (യുണൈറ്റഡ്) നെ പിളര്‍ത്താന്‍ ബിജെപി ശ്രമിച്ചതായി ആരോപണമുയര്‍ന്നു. പിന്നാലെ പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും അടിയന്തര യോഗം വിളിക്കാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചതും അഭ്യൂഹങ്ങള്‍ ശക്തമാക്കി. ഇതിനിടെ ഞായറാഴ്ച രാത്രി നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും ഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴാഴ്ച നിതീഷ് ഡല്‍ഹിയിലെത്തി സോണിയയെ കാണുമെന്ന് ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് ബിഹാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിജെപിയുമായി ബന്ധം ഉപേക്ഷിച്ച് വരികയാണെങ്കില്‍ നിതീഷുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് ആര്‍ജെഡി നേതാക്കളും അറിയിച്ചിട്ടുണ്ട്.

2017-ല്‍ അധികാരമേറ്റത് മുതല്‍ ബിജെപിയും ജെഡിയുവും തമ്മില്‍ പരസ്യമായും രഹസ്യമായും വടംവലികള്‍ തുടരുന്നുണ്ട്. പരസ്യമായ തര്‍ക്കങ്ങളില്‍ നിന്ന് അകലംപാലിച്ച് പോന്നിരുന്ന നിതീഷ്, തന്റെ പാര്‍ട്ടിയെ പിളര്‍ത്താന്‍ ബിജെപിയുടെ ശ്രമം നടത്തുന്നതായുള്ള സൂചനകള്‍ക്ക് പിന്നാലെയാണ് അടിയന്തര നടപടികളിലേക്ക് കടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ നിതീഷ് പങ്കെടുത്തിരുന്നില്ല.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറയെ അട്ടിമറിച്ചതിന് സമാനമായ നീക്കമാണ് ബിജെപി ബിഹാറിലും നടത്താന്‍ ശ്രമിച്ചതെന്നാണ് ജെഡിയു നേതാക്കള്‍ ആരോപിക്കുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ അതിജീവിക്കില്ലെന്ന് അടുത്തിടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ നടത്തിയ പരാമര്‍ശവും അട്ടിമറി ശ്രമത്തിന് തെളിവായി ജെഡിയു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറയുടെ പതനത്തിലേക്ക് നയിച്ച രാഷ്ട്രീയ നീക്കങ്ങള്‍ ബിജെപി കൃത്യമായി ആസൂത്രണം ചെയ്‌തെടുത്തതാണ്. ബിഹാറിലും ഇത്തരത്തില്‍ ഒരു നീക്കം ബിജെപി ആസൂത്രണം ചെയ്ത് വരുന്നതായി നിതീഷ് കുമാറിന് ബോധ്യപ്പെട്ടതായി അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ പരസ്യമായി പറയുന്നു.

മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതമായിരുന്നു ബിജെപി നീക്കം. ഉദ്ധവ് താക്കറെ ഞെട്ടിച്ചുകൊണ്ട് ഷിന്ദേയെ അടര്‍ത്തിയാണ് ബിജെപി അധികാരം തിരിച്ചുപിടിച്ചത്. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയെ പോലും കൈവിടുന്ന സ്ഥിതിയിലാണ് ഉദ്ധവ് താക്കറെ. അതേ അനുഭവം തനിക്കും ഉണ്ടാകുമെന്ന സൂചനകള്‍ നിതീഷിനും ലഭിച്ചിട്ടുണ്ട്.

ബിജെപി ബന്ധത്തില്‍ ശിവസേനക്ക് സമാനമായ ഒരു രാഷ്ട്രീയ ചരിത്രം നിതീഷിന്റെ പാര്‍ട്ടിക്കമുണ്ട്. പ്രതിപക്ഷ സഖ്യത്തിനായി ബിജെപിയെ പലപ്പോഴും ഇരുപാര്‍ട്ടികളും ഒഴിവാക്കിയിട്ടുമുണ്ട്. അതേ സമയം 2017-ല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഉപേക്ഷിച്ച് നിതീഷ് ബിജെപിക്ക് ഒപ്പം കൂടിയപ്പോള്‍ ഉദ്ധവ് താക്കറെ നേരെ തിരിച്ചാണ് മഹാരാഷ്ട്രയില്‍ ചെയ്തത്. ബിജെപി ബന്ധം ഉപേക്ഷിച്ച് എന്‍സിപിക്കും കോണ്‍ഗ്രസിനും ഒപ്പം ചേരുകയായിരുന്നു ഉദ്ധവ്.

2020-ലെ പൊതുതിരഞ്ഞെടുപ്പ് മുതല്‍ നിതീഷിനെതിരെ അമിത് ഷായുടെ നേതൃത്വത്തില്‍ ചില ഗൂഢാലോചനകള്‍ നടത്തിവരുന്നുണ്ടെന്നാണ് ജെഡിയു നേതാക്കളുടെ ആരോപണം. 2020-ല്‍ ബിജെപിയെക്കാളും കുറഞ്ഞ സീറ്റാണ് ജെഡിയുവിന് ലഭിച്ചതെങ്കിലും നിതീഷ് തന്നെയാണ് മുഖ്യമന്ത്രിയായത്. എന്നാല്‍ നിതീഷ് പ്രതീക്ഷിച്ചവരെ അല്ല ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. അമിത് ഷായ്ക്ക് വ്യക്തമായ സ്വാധീനമുള്ള ചില നേതാക്കളാണ് ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ആയി എത്തിയത്. 2021-ല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നോതാവ് ആര്‍സിപി സിങിനെ നിതീഷ് കേന്ദ്ര മന്ത്രിയാക്കി. മന്ത്രി ആയതിന് പിന്നാലെ ആര്‍സിപി സിങ് അമിത് ഷായുമായും ബിജെപിയുമായി ഏറെ അടുപ്പം പുലര്‍ത്തുകയും നിതീഷുമായി അകലുകയും ചെയ്യുന്നതാണ് പിന്നീട് കണ്ടത്. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ ആര്‍സിപി സിങിന് നിതീഷ് അവസരം നിഷേധിച്ചതോടെ അദ്ദേഹത്തിന് കേന്ദ്ര മന്ത്രി സ്ഥാനം നഷ്ടമാകുകയും ചെയ്തു. നിതീഷ് പ്രധാനമന്ത്രിയാകാനുള്ള നീക്കങ്ങള്‍ നടത്തുകയാണെന്നും ഏഴ് ജന്മങ്ങളില്‍ പോലും അദ്ദേഹത്തിന് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞ ദിവസം ദിവസം ആര്‍സിപി സിങ് പ്രഖ്യാപിക്കുകയും ചെയ്തു. ആര്‍സിപി സിങിനെ ഉപയോഗിച്ച് ജെഡിയുവിനെ പിളര്‍ത്താന്‍ ബിജെപി ശ്രമം നടത്തിയതായുള്ള ആരോപണങ്ങള്‍ക്കിടയിലായിരുന്നു ഈ തുറന്ന് പറച്ചില്‍. ഇതിനിടയിലാണ് പുതിയ നീക്കങ്ങളും അടിയന്തര ചര്‍ച്ചകളും ബിഹാര്‍ രാഷ്ട്രീയത്തെ ചൂട് പിടിപ്പിക്കുന്നത്.

ബിഹാറിലെ സമീപകാല രാഷ്ട്രീയ നീക്കങ്ങള്‍

ജൂണില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്നതിനിടെ ബിഹാറില്‍ ചില സുപ്രധാന നീക്കങ്ങള്‍ നടന്നു. ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന സ്ഥാനം ആര്‍ജെഡി തിരിച്ചുപിടിച്ചു. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ (എഐഎംഐഎം) ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ നാല് പേരേയും പാര്‍ട്ടിയിലെത്തിച്ചുകൊണ്ടാണ് തേജസ്വി യാദവ് ഈ നീക്കം നടത്തിയത്. ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യത്തിലെ വിള്ളല്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലായിരുന്നു ഈ നീക്കം.

നമ്പര്‍ ഗെയിം

243 ബിഹാര്‍ നിയമസഭയിലേക്ക് 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ആര്‍ജെഡി ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. 43 സീറ്റുകള്‍ ജെഡിയുവിനും ലഭിച്ചു. ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേറി.

ഇതിനിടെ എന്‍ഡിഎ സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇഹ്സാന്‍ പാര്‍ട്ടിയെ പിളര്‍ത്തി അവരുടെ നാലില്‍ മൂന്ന് എംഎല്‍എമാരേയും ബിജെപിയില്‍ ചേര്‍ത്തി. ഇതോടെ 77 സീറ്റുകളോടെ ബിജെപി ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.

കൈവിട്ടുപോയെ ഈ സ്ഥാനമാണ് ഒവൈസിയുടെ പാര്‍ട്ടിയുടെ നാല് എംഎല്‍എമാരെ അടര്‍ത്തികൊണ്ട് ആര്‍ജെഡി കഴിഞ്ഞ ദിവസം തിരികെ പിടിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പിടിച്ചെടുത്തത് അടക്കം ആര്‍ജെഡിക്ക് നിലവില്‍ 80 സീറ്റുകളാണ് ഉള്ളത്. ഒരു രാഷ്ട്രീയ അസ്ഥിരത വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ആദ്യം വിളിക്കുക ഏറ്റവും വലിയ ഒറ്റകക്ഷിയെ ആയിരിക്കുമെന്നത് കൊണ്ട് തന്നെ ആര്‍ജെഡിയുടെ കണക്കിലെ കളികളിലും കാര്യമുണ്ട്.

ആര്‍ജെഡിയുടെ പ്രതീക്ഷകള്‍

കേവല ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ നിലവിലില്ലെങ്കിലും അംഗബലം ആര്‍ജെഡിക്ക് മാനസിക ഉത്തേജനം നല്‍കുന്നുണ്ട്. ഭരണപക്ഷത്ത് നിലവില്‍ 127 എംഎല്‍എമാരും പ്രതിപക്ഷത്ത് 116 എംഎല്‍എമാരുമാണ് നിലവില്‍ ഉള്ളത്.

അഗ്‌നിപഥ്, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി-ജെഡിയു നേതാക്കള്‍ തമ്മില്‍ ഏറെനാളായി പോര് തുടങ്ങിയിട്ട്. ഈ സാഹചര്യം വൈകാതെ മുതലെടുക്കാനാകുമെന്ന പ്രതീക്ഷ ആര്‍ജെഡിക്കുണ്ട്.
നിയമസഭയിലും ഭരണകക്ഷിയിലെ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് വ്യക്തമാണ്. തിങ്കളാഴ്ച ബിജെപി മുന്നോട്ട് വെച്ച 'മികച്ച നിയമസഭാ സമാജികന്‍' എന്ന വിഷയത്തില്‍ ജെഡിയു പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ജെഡിയു ചര്‍ച്ച ബഹിഷ്‌കരിച്ചത് ബിജെപി വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. സമീപകാലത്തായി നിതീഷ് കുമാര്‍ ലാലു കുടുംബവുമായി അടുത്തതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ആര്‍ജെഡി-ജെഡിയു സഖ്യം

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ജെഡിയു എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്ന് ആര്‍ജെഡിയുമായി സഖ്യംരൂപീകരിച്ചിരുന്നു. തുടര്‍ന്ന് ആര്‍ജെഡിയുമായി ചേര്‍ന്ന് ബിഹാറില്‍ ഭരണം നിലനിര്‍ത്തി. തുടര്‍ന്ന് നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവരെ കൂടെ ചേര്‍ത്ത് മഹാസഖ്യം രൂപീകരിച്ച് ഭരണത്തിലേറുകയും ചെയ്തു.

അന്നത്തെ ഉപമുഖ്യമന്ത്രി ആയിരുന്ന തേജസ്വി യാദവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് ജെഡിയു മഹാസഖ്യത്തില്‍ നിന്ന് പുറത്തുവന്നത്. പിന്നാലെ ബിജെപി പിന്തുണയോടെ വീണ്ടും അധികാരത്തില്‍ എത്തുകയായിരുന്നു.

Content Highlights: BJP Handling Of Uddhav Thackeray Haunts Nitish Kumar-Bihar politics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented