നാരായൺ റാണെ | Photo-ANI
ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി കേന്ദ്ര മന്ത്രി നാരായണ്‍ റാണെ. മാര്‍ച്ച് മാസത്തോടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി. അധികാരത്തില്‍ എത്തുമെന്ന പരാമര്‍ശമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടുവര്‍ഷം ബാക്കിനില്‍ക്കെയാണ് ബി.ജെ.പി അധികാരമേറ്റെടുക്കുമെന്ന റാണെയുടെ പ്രഖ്യാപനം.
"മാര്‍ച്ച് മാസത്തോടെ ബി.ജെ.പി. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കും. വലിയൊരു മാറ്റത്തിന് നിങ്ങള്‍ സാക്ഷികളാവും"- മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി റാണെ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കാനാണെങ്കിലും താഴെയിറക്കാനാണെങ്കിലും ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം- റാണെ ജയ്പുരില്‍ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്‌ക്കെതിരേ 'കരണത്തടി' പരാമര്‍ശം നടത്തിയതിന് നാരായണ്‍ റാണെയെ നേരത്തെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം ഉദ്ധവ് മറന്നുപോയെന്നും പ്രസംഗമധ്യേ ഇക്കാര്യം സഹായികളോടു ചോദിച്ചെന്നുമായിരുന്നു റാണെ പറഞ്ഞത്. ആ സമയം താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ധവിന്റെ കരണം നോക്കി ഒന്നുകൊടുത്തേനെ എന്നും റാണെ പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് അറസ്റ്റിന് കാരണമായത്.
മുന്‍ ശിവസേന നേതാവ് കൂടിയാണ് രണ്ടാംമോദി സര്‍ക്കാരിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ വകുപ്പു മന്ത്രിയായ റാണെ. 2005ല്‍ ശിവസേന വിട്ട റാണെ 2017 വരെ കോണ്‍ഗ്രസില്‍ തുടര്‍ന്നു. പിന്നീട് മഹാരാഷ്ട്ര സ്വഭിമാന്‍ പക്ഷം എന്ന പാര്‍ട്ടിയുണ്ടാക്കി. 2019ല്‍ ബിജെപിയിലേക്ക് ചേക്കേറിയ റാണെ തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു.
നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ശിവസേന-ബി.ജെ.പി മുന്നണിയിലുണ്ടായ തര്‍ക്കമാണ് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിനിടയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ ഫലം കാണാതെ പോവുകയായിരുന്നു.
Content Highlights: BJP Government In Maharashtra By March: Union Minister Narayan Rane
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..