ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയനേതാക്കള്‍ ജനങ്ങളില്‍നിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ബി ജെ പി രംഗത്ത്.

ഗഡ്കരിയുടെ പ്രസ്താവന കോണ്‍ഗ്രസിനെ ഉദ്ദേശിച്ചുള്ളതാണെന്ന് ബി ജെ പി വക്താവ് ജി വി എല്‍ നരസിംഹറാവു പറഞ്ഞു. ഗഡ്കരിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സ്വപ്നം കാണിക്കുന്ന രാഷ്ട്രീയക്കാരെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയില്ലെങ്കില്‍ നേതാക്കള്‍ക്ക് നല്ല രാഷ്ട്രീയ അടി കിട്ടുകയും ചെയ്യും. അതുകൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സ്വപ്നങ്ങള്‍ മാത്രം അവര്‍ക്ക് നല്‍കുക- എന്നായിരുന്നു ഗഡ്കരിയുടെ വാക്കുകള്‍.

ഗഡ്കരിയുടെ വാക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണെന്ന പരോക്ഷ വിമര്‍ശനവുമായി എ ഐ എം ഐ എം നേതാവ് അസാദുദ്ദീന്‍ ഒവൈസി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ബി ജെ പി വക്താവ് എത്തിയിരിക്കുന്നത്. 

നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയും അതില്‍നിന്ന് രാഷ്ട്രീയലാഭമുണ്ടാക്കുകയും ചെയ്യുകയാണ്. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും എന്നാല്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് യാതൊന്നും ചെയ്യാതിരിക്കുകയും ചെയ്ത കോണ്‍ഗ്രസിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്ന രാഹുല്‍ ഗാന്ധിയെയാണ് ഗഡ്കരി ഉദ്ദേശിച്ചതെന്നും നരസിംഹ റാവു കൂട്ടിച്ചേര്‍ത്തു..

conetnt highlights: bjp gives clarification on nitin gadkari's statement