ഒമർ അബ്ദുല്ല| Photo: PTI
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റില്‍ വിജയിച്ചവരെ മറ്റൊരു രാഷ്ട്രീയ സംഘടനയില്‍ എത്തിക്കാന്‍ ബിജെപി സമ്മര്‍ദതന്ത്രം പയറ്റുന്നുവെന്ന ആരോപണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ ഉദാഹരണമായി കശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ അബ്ദുള്ള രംഗത്തെത്തിയിരിക്കുന്നത്.
"ജനാധിപത്യം വിജയിച്ചുവെന്ന് ഡിഡിസി തിരഞ്ഞെടുപ്പിനെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ, ഷോപിയാനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ സര്‍ക്കാര്‍ ദ്രോഹിക്കാനാരംഭിച്ചു. അവരെ യാതൊരു കാരണവുമില്ലാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നു." - ശ്രീനഗറില്‍ പത്രസമ്മേളനത്തില്‍ ഒമര്‍ അബ്ദുള്ള പറഞ്ഞു. ഡിഡിസി വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയിലെ രണ്ട് മുതിര്‍ന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഷോപിയാനില്‍ മത്സരിച്ച് ജയിച്ച തങ്ങളുടെ ഒരു വനിതാ അംഗം അപ്നി പാര്‍ട്ടിയില്‍ ചേരാന്‍ നിര്ബന്ധിതയായെന്ന് ഒമര്‍ അബ്ദുള്ള ആരോപിച്ചു. ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ തങ്ങളുടെ പക്കല്‍ ഫോണ്‍ റെക്കോര്ഡിങ്ങുണ്ടെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ഷോപിയാനില്‍ നിന്ന് വിജയിച്ച യസ്മീന ജാന്‍ വെള്ളിയാഴ്ച പാര്‍ട്ടിയില്‍ ചേര്‍ന്നതായി അല്‍താഫ് ബുഖാരിയുടെ നേതൃത്വത്തിലുള്ള അപ്നി പാര്‍ട്ടി പ്രഖ്യാപിച്ചിത് പരാമര്‍ശിച്ചാണ് ഒമറിന്റെ ആരോപണം.
ജമ്മു കശ്മീരിലെ തദ്ദേശ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വേരുകളെ ശക്തിപ്പെടുത്തിയെന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഡിഡിസികളിലെ 280 സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യം നൂറിലധികം സീറ്റുകളില്‍ വിജയിച്ചു. എന്നാല്‍ 74 സീറ്റുകള്‍ നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ് 27 സീറ്റുകളില്‍ ജയിച്ചു. സി.പി.എം. അഞ്ചു സീറ്റുകള്‍ നേടി. ജമ്മു മേഖലയില്‍ ബി.ജെ.പിയാണ് മുന്നേറ്റമുണ്ടാക്കിയത്.
Content Highlights: BJP forced NC leader to join Apni Party; have phone recording of it': Omar Abdullah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..