ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ നാല് ബിജെപി എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയേക്കുമെന്ന ആശങ്കയില്‍ ബിജെപി. കോണ്‍ഗ്രസില്‍ നിന്ന് ഇടക്കാലത്ത് പാര്‍ട്ടി മാറിയെത്തിയ നാല് ബി.ജെ.പി എം.എല്‍.എമാരെ പഴയപാളയത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി ബി.ജെ.പി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളും ബി.ജെ.പിയ്ക്ക് 109 അംഗങ്ങളുമാണ് ഉള്ളത്. നാല് വിമതന്മാരും രണ്ട് ബിഎസ്പി അംഗങ്ങളും ഒര് എസ്പി അംഗവും കോണ്‍ഗ്രസിനെ പിന്തുണച്ചതോടെ അവര്‍ക്ക് 121 പേരുടെ പിന്തുണയായി.

ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ പഴയ കോണ്‍ഗ്രസുകാരായ എം.എല്‍.എമാരെ തിരിച്ച് എത്തിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. വിജയ രാഗോഗഢ് എംഎല്‍എ സഞ്ജയ് പഥക്, ശിവനി എംഎല്‍എ മുന്‍മുന്‍ റായ്, സിയോണി എംഎല്‍എ സ്വദേശ് റായ്, മനാസ എംഎല്‍എ അനിരുദ്ധ മാരൂ എന്നിവരുടെ കാര്യത്തിലാണ് ബിജെപിക്ക് ആശങ്കയുള്ളത്.

'മുഖ്യമന്ത്രിയായ കമല്‍നാഥ് നിയമസഭാംഗമല്ലാത്തതിനാല്‍ ആറ് മാസത്തിനുള്ളില്‍ അദ്ദേഹത്തിന് ജയിച്ച് അംഗമാകേണ്ടതുണ്ട്. കമല്‍നാഥിനായി ബി.എസ്.പിയോ സ്വതന്ത്ര എം.എല്‍.എമാരോ രാജിവെക്കില്ലെന്ന് ഉറപ്പാണ്. അതിനാല്‍ കോണ്‍ഗ്രസ് ബി.ജെ.പി എം.എല്‍.എമാരെ ലക്ഷ്യമിട്ടേക്കാമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

'വേണമെങ്കില്‍ ബി.ജെ.പിയ്ക്കും കോണ്‍ഗ്രസ് എം.എല്‍.എമാരെ മറുഭാഗം ചാടിക്കാനുള്ള ശ്രമങ്ങള്‍ നടത്താം. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വീക്ഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കര്‍ണാടക അനുഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഒരു ബി.ജെ.പി നേതാവ് പത്രത്തോട് പ്രതികരിച്ചു.

രാഷ്ട്രീയ നീക്കങ്ങളിലും തന്ത്രങ്ങള്‍ മെനയുന്നതിലും കമല്‍നാഥിനെ അഗ്രഗണ്യനായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അംഗ സംഖ്യ തികയ്ക്കാനുള്ള നീക്കങ്ങള്‍ കമല്‍നാഥിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ബി.ജെ.പിക്ക് ഉറപ്പുണ്ട്. അതിനാല്‍ തങ്ങളുടെ എം.എല്‍.എമാരെ സംരക്ഷിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി ഇപ്പോള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്തെ ഭരണ പ്രതിസന്ധി രൂക്ഷമാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ontent highlights: BJP fears poaching of four MLAs by Congress in Madhya Pradesh