ദ്രൗപതി മുർമു | Photo: UNI
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പ് പ്രധാനമന്ത്രി തന്നോട് ഇക്കാര്യം ചര്‍ച്ച ചെയ്തതില്‍ സന്തോഷമുണ്ടെന്നും പട്‌നായിക് ട്വീറ്റ് ചെയ്തു. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ രാഷ്ട്പതിയെന്ന പദവി അവര്‍ക്ക് സ്വന്തമാകും. മുന്‍ ബിജെപി നേതാവും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയുമായ യശ്വന്ത് സിന്‍ഹയാണ് 64കാരിയായ ദ്രൗപദി മുര്‍മുവിന്റെ എതിരാളി.
ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ഒരു വനിതയെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ പ്രതിപക്ഷ സഖ്യത്തിലെ ചില കക്ഷികളില്‍ നിന്ന് പോലും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഒറ്റയ്ക്ക് മുര്‍വുവിനെ വിജയിപ്പിച്ചെടുക്കാന്‍ ബിജെപിക്ക് കഴിയില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തെ ചില കക്ഷികളുടെ പിന്തുണ കൂടി ലക്ഷ്യമിട്ട് സ്ഥാനാര്‍ഥിയെ എന്‍ഡിഎ അവതരിപ്പിക്കുന്നത്. ജാര്‍ഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎമ്മിന്റെ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു.
ഗോത്ര വിഭാഗങ്ങളുടേയും പിന്നോക്ക സമുദായങ്ങളുടേയും വലിയ പിന്തുണയുള്ള പാര്‍ട്ടിയാണ് ജെ.എം.എം. അതുകൊണ്ട് തന്നെ അവരെ സംബന്ധിച്ച് ദ്രൗപദി മുര്‍മുവിനെ എതിര്‍ക്കുക എളുപ്പമാകില്ലെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്. 2015 മുതല്‍ 2021 വരെ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു ദ്രൗപദി മുര്‍മു. ഇതും ജെ.എം.എം പിന്തുണ എന്‍ഡിഎ പ്രതീക്ഷിക്കുന്നതിനുള്ള കാരണമാണ്. എന്തായാലും ജെ.എം.എം എന്ന കക്ഷിയെ സംബന്ധിച്ച് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിലപാട് ഒരു പരീക്ഷണത്തിന്റേത് കൂടിയായി മാറും.
സമാനമായ ഒരു നീക്കമാണ് യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ പ്രതിപക്ഷവും ലക്ഷ്യമിട്ടത്. എന്‍ഡിഎയുമായി അത്ര നല്ല ബന്ധത്തിലല്ല ഇപ്പോള്‍ സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെ.ഡി.യു ഉള്ളത്. ഒരു ബിഹാറുകാരന്‍ രാഷ്ട്രപതിയാകുന്നതിലുള്ള നിതീഷിന്റെ നിലപാടും പ്രസക്തമാണ്. ഫലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ എതിര്‍ചേരിയില്‍ പോലും സമ്മര്‍ദ്ദമുണ്ടാക്കുന്ന ഘടകങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എന്‍ഡിഎക്കും പ്രതിപക്ഷത്തിനും കഴിഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തിലും മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിന്റെ ആനുകൂല്യം ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഗോത്ര സമുദായത്തിന് നിര്‍ണായകമായ വോട്ട് ബാങ്കുള്ള സംസ്ഥാനങ്ങളായ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും നേട്ടമുണ്ടാക്കാന്‍ സഹായകമാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
Content Highlights: draupati murmu, naveen patnaik, yashwant sinha, nda, upa


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..