ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകളെ നിഷേധിച്ച് ബിജെപി. ഇത്തരമൊരു വിഷയം പാര്‍ട്ടിയുടെ അജണ്ടയില്‍ പോലും ഇല്ലെന്ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കി.
 
ഒരുവിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതുപോലെ ഇന്നലെ തെലങ്കാനയില്‍ നടന്ന പരിപാടിയില്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട യാതൊരു പ്രസ്താവനയും ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയിട്ടില്ല. അങ്ങനെയൊരു വിഷയം അജണ്ടയില്‍ പോലും ഉണ്ടായിരുന്നില്ല- ട്വീറ്റില്‍ പറയുന്നു. 
 
വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് അമിത് ഷാ അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച പ്രസ്താവന നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, രാമക്ഷേത്രനിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ തിരഞ്ഞെടുപ്പിനു മുമ്പ് സ്വീകരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരാല ശേഖര്‍ജി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
അമിത് ഷായുടെ പ്രസ്താവന വലിയ ചര്‍ച്ചയായതോടെയാണ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇത് നിഷേധിച്ചുകൊണ്ട് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
 
 
 
Content hIghlights: BJP twitter, Amit Shah, Ram temple, ayodhya