സ്വാതി മാലിവാൾ | Photo - Mathrubhumi archives
ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തനിക്കു നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ച് സ്വാതി പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച പോലീസ് അന്വേഷണം സ്വാതി തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ഈ ദുരുപയോഗം തടയാന്‍ അന്വേഷണം അവസാനിക്കുന്നത് വരെ സ്വാതിയെ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സ്കസേനയ്ക്ക് കത്തെഴുതി.
സ്വാതിയെ ആക്രമിച്ചു എന്ന് ആരോപിക്കപ്പെട്ടയാള്‍ ആം ആദ്മി പാര്‍ട്ടി അംഗമാണെന്നും ആം ആദ്മി എം.എല്‍.എയുമായുള്ള ഇയാളുടെ ചിത്രം പുറത്തു വന്നുവെന്നും പ്രവീണ്‍ ശങ്കര്‍ ആരോപിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു, രാത്രികാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനിടെ ഡല്‍ഹി എയിംസിനടുത്ത് വെച്ച് സ്വാതിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. കാറില്‍ സ്ഥലത്തെത്തിയ സമൂഹവിരുദ്ധസംഘത്തിലെ അംഗമായ വിഹാര്‍ സ്വദേശി ഹരീഷ് ചന്ദ്ര (47) സ്വാതിയോട് അസഭ്യം പറഞ്ഞു. കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിരസിക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോള്‍ മദ്യലഹരിയിലായിരുന്ന ഹരീഷ് കാറോടിച്ചു പോവുകയായിരുന്നു. അല്പസമയത്തിനുള്ളില് മടങ്ങിയെത്തി കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചു. ഡ്രൈവറുടെ സൈഡ് വിന്‍ഡോയ്ക്കു സമീപംചെന്ന് സ്വാതി കൈചൂണ്ടി കയര്‍ക്കുന്നതിനിടെ പ്രതി കാറിന്റെ ചില്ലുയര്‍ത്തി സ്വാതിയുടെ കൈ ചില്ലിനിടയില്‍ കുടുക്കി. തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്ത് 15 മീറ്ററോളം വലിച്ചിഴച്ചുവെന്നായിരുന്നു പരാതി.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹരീഷ് ചന്ദ്രയെ അരമണിക്കൂറിനകം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സ്വാതിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറഞ്ഞ് ബിജെപി രംഗത്തെത്തിയിരുന്നു.
Content Highlights: swati maliwal, molestation case, bjp allegation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..