ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി ഉടന്‍ രാജിവെക്കണമെന്ന് ബി.ജെ.പി. ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെങ്കില്‍ രാജിവെക്കണമെന്ന ആവശ്യവുമായി വി. നമശ്ശിവായമാണ് രംഗത്തെത്തിയത്. മുന്‍പ് കോണ്‍ഗ്രസ് എം.എല്‍.എ. ആയിരുന്ന നമശ്ശിവായം ജനുവരി 25-നാണ് സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. സഖ്യ പാര്‍ട്ടികളുടെ യോഗം ഉടന്‍ ചേരുമെന്നും നമശ്ശിവായം അറിയിച്ചിട്ടുണ്ട്. 

അതേസമയം രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാരായണ സ്വാമി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഇന്ന് രാഹുല്‍ ഗാന്ധി വരുന്നതോടെ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും. മത്സ്യത്തൊഴിലാളികളുമായും വിദ്യാര്‍ഥികളുമായും കൂടിക്കാഴ്ച നടത്തുന്ന രാഹുല്‍ പൊതുയോഗത്തിലും പങ്കെടുക്കും. രാഹുലിന്റെ പരിപാടി കഴിയുന്നിടം വരെ എന്തായാലും രാജിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ അതിനു ശേഷം സ്ഥിതി മാറിമറിയാനാണ് സാധ്യത

കിരണ്‍ ബേദിയെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഇന്നലെ നീക്കം ചെയ്യുകയും തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് അധിക ചുമതല നല്‍കുകയും ചെയ്തിരുന്നു. തെലങ്കാന ഗവര്‍ണര്‍ സ്ഥാനത്ത് എത്തുന്നതിനു മുന്‍പ് തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷയായിരുന്നു തമിഴിസൈ. രാഷ്ട്രീയ നീക്കം മുന്നില്‍ക്കണ്ടാണ് ബി.ജെ.പിയുടെ ഇടപെടല്‍ എന്നു വ്യക്തമാണ്. അതിനാല്‍ തന്നെ ഗവര്‍ണര്‍ സര്‍ക്കാരിനെ പിരിച്ചു വിടാനും സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ കാവല്‍ മുഖ്യമന്ത്രി പോലുമല്ലാതെ നാരായണ സ്വാമിക്ക് തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. 

രാജിവെച്ചെങ്കിലും മല്ലാടി കൃഷ്ണ റാവു തനിക്കൊപ്പം നില്‍ക്കുമെന്നും ബി.ജെ.പിക്ക് ഒപ്പം പോകില്ലെന്നുമാണ് നാരായണസ്വാമി പറയുന്നത്. അതിനാല്‍ തന്നെ സര്‍ക്കാരിന് ഭീഷണിയില്ലെന്നും നാരായണസ്വാമി പറയുന്നു. നാല് എം.എല്‍.എമാരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചത്. ഇതില്‍ രണ്ടുപേര്‍ ഇതിനോടകം ബി.ജെ.പിയില്‍ ചേര്‍ന്നു കഴിഞ്ഞു. ഇന്നലെ രാജിവെച്ച ജോണ്‍കുമാര്‍ ഉടന്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കും. രണ്ട് എം.എല്‍.എമര്‍ കൂടി ഉടന്‍ കോണ്‍ഗ്രസ് വിടുമെന്നും വാര്‍ത്തകളുണ്ട്. 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പുതുച്ചേരിയില്‍ എത്തും. ബി.ജെപി പുതുച്ചേരിയില്‍ നടത്തുന്ന തരംതാണ രാഷ്ട്രീയം  ജനങ്ങള്‍ മറക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പറഞ്ഞു.

content highlights: bjp demands resignation of puducherry chief minister narayanaswamy