ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ച് പാക് മന്ത്രി രംഗത്തെത്തിയത് കോണ്‍ഗ്രസിനേയും അവരുടെ നേതാക്കളേയും തുറന്നുകാട്ടുന്നുവെന്ന് ബി.ജെ.പി. പുല്‍വാമ ഭീകരാക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മാപ്പ് പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. 

കഴിഞ്ഞദിവസമാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സമ്മതിച്ച ശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി ഫവദ് ചൗധരിയുടെ പ്രസംഗം പുറത്തുവന്നത്. പുല്‍വാമയിലെ നമ്മുടെ വിജയം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിന്റെ വിജയമാണ്. നമ്മളെല്ലാവരും അതിന്റെ ഭാഗമാണെന്ന് ദേശീയ അസംബ്ലിയില്‍ സംവാദത്തിനിടെ ചൗധരി പറഞ്ഞു. എന്നാല്‍ ഇത് പിന്നീട് അദ്ദേഹം മാറ്റിപ്പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള നടപടിയെ ആണ് താന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു ചൗധരിയുടെ ന്യായീകരണം. 

എന്നാല്‍ ഫവദ് ചൗധരിയുടെ പരാമര്‍ശം പുറത്തുവന്നതിനു പിന്നാലെ ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. പുല്‍വാമ ഭീകരാക്രമണം മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോടും  മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു.


 
ലോകത്തെവിടേയും തീവ്രവാദത്തിന്റെ വേരുകള്‍ പാകിസ്താനിലാണ്. രാഹുല്‍ ഗാന്ധിയുടെ ആരോപണം വിരോധാഭാസമാണ്. മോദിക്കെതിരെയുള്ള വിദ്വേഷം മൂലം രാഹുലും കൂട്ടരും രാജ്യവിരുദ്ധരായെന്നാണ് തുറന്നുകാട്ടുന്നതെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പറഞ്ഞു. 

ബി.ജെ.പിയുടെ ഐടി വിഭാഗം ചുമതലയുള്ള അമിത് മാളവ്യയും സമാനമായ പ്രതികരണമാണ് നടത്തിയത്. പുല്‍വാമ ആക്രമണത്തെ ചോദ്യം ചെയ്ത, പാകിസ്താനെ പിന്തുണയ്ക്കുന്ന പ്രസ്താവനകള്‍ നടത്തിയ രാഹുലിന്റേയും അരവിന്ദ് കെജ്രിവാളിന്റേയും ഫറൂഖ് അബ്ദുള്ളയുടേയും മമത ബാനര്‍ജിയുടേയും രാംഗോപാല്‍ യാദവിന്റേയും താല്‍പര്യത്തെക്കുറിച്ച് ആരും ചോദ്യം ചെയ്യുന്നില്ലെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു. 

2019 ഫെബ്രുവരിയില്‍ ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുല്‍വാമ ആക്രമണസമയത്ത് വാര്‍ത്താ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്ന ചൗധരി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത അനുയായികളിലൊരാളായാണ് അറിയപ്പെടുന്നത്.

Content Highlights:  BJP Demands Congress Apology Over ‘Conspiracy Theory’ After Minister Admits Pakistan Role in Pulwam