-
ജയ്പുര്‍: രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിന്റേതെന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട ഓഡിയോ ടേപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബിജെപി. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഗെഹ്ലോത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമത എംഎല്‍എമാരുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്രസിങ് ഷെഖാവത്ത് ഗൂഢാലോചന നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇത് സംബന്ധിച്ച ഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടത്.
'സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഇത് സിബിഐ അന്വേഷിക്കണം. ഫോണ്‍ ചോര്‍ത്തുന്നതില്‍ നിയമപരമായ പ്രശ്‌നങ്ങളില്ലേ? സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം' , ബിജെപി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു.
സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍ നിന്നുള്ള എംഎല്‍എമാരും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും തമ്മില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളി ബിജെപി രംഗത്തെത്തി. ഓഡിയോ ടേപ്പിലുള്ള ശബ്ദം തന്റേതല്ലെന്ന് ഗജേന്ദ്രസിങ് ഷെഖാവത്ത് പറഞ്ഞു. ഓഡിയോ കൃത്രിമമായി നിര്‍മിച്ചതാണ്, കോണ്‍ഗ്രസിനുള്ളിലുള്ളവര്‍ തന്നെ ഗൂഢാലോചന നടത്തി ആ കുറ്റം ബിജെപിക്ക് മേല്‍ ആരോപിക്കുയാണെന്നും ഗജേന്ദ്ര സിങ് പറഞ്ഞു.
ബിജെപി ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, അതിനാലാണ് വിവാദം സിബിഐ അന്വേഷിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: BJP demands CBI probe into audio tapes released by Congress amid Rajasthan crisis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..