ഗോണ്ട ( ഉത്തര്‍പ്രദേശ്):   അയോധ്യയില്‍ ശ്രീരാമന്റെ പടുകൂറ്റന്‍ പ്രതിമ നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കി പാളയത്തില്‍ അപശബ്ദം. തര്‍ക്കഭൂമിയില്‍ ശ്രീബുദ്ധന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി രംഗത്ത്. ബറൈചില്‍ നിന്നുള്ള എം.പിയായ സാവിത്രിബായ് ഫുലെയാണ് ബുദ്ധപ്രതിമയെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. 

അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തര്‍ക്കഭൂമിയില്‍ നടത്തിയ ഉദ്ഘനനത്തില്‍ ഭഗവാന്‍ ബുദ്ധനുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ അവിടെ ബുദ്ധന്റെ പ്രതിമ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നുമാണ് സാവിത്രിബായ് ഫുലെ പറയുന്നത്. 

ബുദ്ധന്‍ ഭാരതീയനാണ്. അയോധ്യ ബുദ്ധന്റെ സ്ഥലം കൂടിയാണ്. അതിനാല്‍ ബുദ്ധന്റെ പ്രതിമ അയോധ്യയില്‍ സ്ഥാപിക്കണമെന്നും അവര്‍ വ്യക്തമാക്കി. അയോധ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേയാണ് അവര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബിജെപി രാജ്യസഭാംഗമായ രാകേഷ് സിന്‍ഹ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇന്ത്യ മതേതര രാജ്യമാണെന്നും ഭരണഘടനയനുസരിച്ച് എല്ലാ മതങ്ങള്‍ക്കും തുല്യമായ സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഭരണഘടനയനുസരിച്ചാണ് ഭരണകൂടം പ്രവര്‍ത്തിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.