ന്യൂഡല്‍ഹി:  അസമില്‍ പരിഷ്‌കരിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന്  ബിജെപി പ്രകടന പത്രിക. 30 ലക്ഷം കുടുംബങ്ങള്‍ക്ക് 3000 രൂപ പ്രതിമാസം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.  

അസമില്‍ ഒന്നാം ഘട്ട വോട്ടെടുപ്പിന് നാല് ദിവസം ശേഷിക്കയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. പുതുക്കിയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനം. എന്നാല്‍ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രകടന പത്രിക ഒന്നും മിണ്ടുന്നില്ല. ബംഗാളിലെ പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതി നിയമം ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പാക്കാന്‍ തീരുമാനം കൈകൊള്ളുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അസമിലെ പ്രകടന പത്രിക മൗനം പാലിക്കുന്നു.

എന്നാല്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സിഐഎ എല്ലാ രീതിയിലും നടപ്പിലാക്കുമെന്നും കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്തിന് റദ്ദാക്കാനാകില്ലെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ വ്യക്തമാക്കി. 

30 ലക്ഷം കുടുംബങ്ങള്‍ക്ക്  3000 രൂപ പ്രതിമാസം നല്‍കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കത്തിന് ശാസ്ത്രീയമായ പരിഹാരം കാണുമെന്നും ബിജെപി പ്രകടന പത്രികയില്‍ പറയുന്നു.

Content Highlightt: BJP chief JP Nadda releases manifesto for Assam polls