ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്‍റെ ഏഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശം. അരലക്ഷം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. മെയ് 30നാണ് സര്‍ക്കാരിന്‍റെ ഏഴാം വാര്‍ഷികം. 

എല്ലാ വര്‍ഷവും വിവിധങ്ങളായ പൊതുപരിപാടികളോടെയാണ് ബിജെപി മോദി സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാജ്യത്തെമ്പാടും വിവിധ തരത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി. രാഷ്ട്രീയപരമായ വിവാദങ്ങള്‍ക്കോ സംഘര്‍ഷങ്ങള്‍ക്കോ ഇടവരുത്താതെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.