ന്യൂഡൽഹി: ബി.ജെ.പിയും നരേന്ദ്ര മോദി സർക്കാരും ട്വിറ്ററിനെ ഭയപ്പെടുത്തുന്ന തിരക്കിലാണെന്ന് കോൺഗ്രസ്. ഡൽഹിയിൽ ഒമ്പതു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാഹുൽ ഗാന്ധി പങ്കുവെച്ച ചിത്രങ്ങൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല.

ബി.ജെ.പിയുടെ പരാതിപ്രകാരം രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 9 വയസുകാരിയായ ദലിത് പെൺകുട്ടിക്ക് നീതി നൽകുന്നതിന് പകരം മോദി സർക്കാരും ബി.ജെ.പിയും ട്വിറ്ററിനെ ഭീഷണിപ്പെടുത്തുന്ന തിരക്കിലാണെന്നും രാഹുൽ ഗാന്ധിയെ നിയമവിരുദ്ധമായി പിന്തുടരുകയാണെന്നും സുർജെവാല പറഞ്ഞു. ഈ സമയം കൊണ്ട് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഒമ്പതു വയസുകാരിക്ക് നീതി നടപ്പിലാക്കാൻ വേണ്ടി സമയം ചെലവഴിച്ചിരുന്നുവെങ്കിൽ ഡൽഹി സുരക്ഷിതമായ സ്ഥലമായി മാറുമായിരുന്നുവെന്ന് രൺദീപ് സുർജെ വാല കൂട്ടിച്ചേർത്തു. 

ഡൽഹിയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ മാതാപിതാക്കളെ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. ഇതിന് ശേഷം ഇവരെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ ട്വീറ്റ് ചെയ്യുകയായിരുന്നു.

എന്നാൽ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷൻ ട്വിറ്ററിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്വീറ്റ് നീക്കം ചെയ്തത്. തുടർന്ന് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു.

Content highlights: BJP busy intimidating Twitter, saying Randeep Surjewala after twitter block Rahul Gandhi