കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കോവിഡ് വ്യാപനത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ നിയമസഭ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്ത് നിന്ന് പ്രചാരകരെ ബിജെപി വന്‍തോതില്‍ സംസ്ഥാനത്തത് ഇറക്കിയിരുന്നനുവെന്നും ഇതാണ് കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായതെന്നുമാണ് മമതയുടെ ആരോപണം. ബംഗാളില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.

രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തെ ഭൂരിഭാഗം ആളുകള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം ചെവിക്കൊണ്ടില്ലെന്നും  മമത കുറ്റപ്പെടുത്തി.  

'അവര്‍ പ്രചാരണത്തിനായി പുറത്തുനിന്നുളളവരെ കൊണ്ടുവന്നു. അത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കോവിഡ് സാഹചര്യത്തെ ഞങ്ങള്‍ നല്ല രീതിയില്‍ നിയന്ത്രിച്ചിരുന്നതാണ്. എന്നാല്‍ അവര്‍ അതെല്ലാം കുഴപ്പത്തിലാക്കി.' മമത പറഞ്ഞു. 

പ്രചാരണത്തില്‍ നിന്ന് തന്നെ 24 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ കുറിച്ചും അവര്‍ പ്രതികരിച്ചു.' ഒന്നിച്ച് വോട്ട് ചെയ്യണമെന്ന് ഹിന്ദുക്കളോടും, മുസ്ലീങ്ങളോടും, മറ്റുളളവരോടും പറയുന്നത് തെറ്റാണോ? എല്ലാ തിരഞ്ഞെടുപ്പ് യോഗങ്ങളിലും എന്നെ പരിഹസിക്കുന്ന പ്രധാനമന്ത്രി മോദിയുടെ കാര്യത്തില്‍ എന്താണ് പറയാനുളളത്? അദ്ദേഹത്തെ എന്താണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ വിലക്കാത്തത്?' മമത ചോദിക്കുന്നു. 

തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും നുണപ്രചാരണം നടത്തുന്നുവെന്നും മമത ആരോപിച്ചു. 'എന്‍ആര്‍സിയും എന്‍പിആറും ഇപ്പോഴും കേന്ദ്രം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ലെബോങ്ങില്‍ നടന്ന ഒരു മീറ്റിങ്ങില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. അവരെ വിശ്വസിക്കരുത്. അവര്‍ അധികാരത്തിലെത്തിയാല്‍ അസമിലെ 14 ലക്ഷം ബംഗാളികള്‍ക്ക് ഉണ്ടായ അനുഭവം നിങ്ങള്‍ക്കുമുണ്ടാകും. ബിജെപി ഒരു അപകടകാരിയായ രാഷ്ട്രീയ പാര്‍ട്ടിയാണ്. അത് ബംഗാളിനെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.' മമത  ആരോപിച്ചു

 

Content Highlights:BJP brought outsiders for campaigning and contributed to the rise in Covid cases