ന്യൂഡല്‍ഹി: വെള്ളിയാഴ്ച നടന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തില്‍ പി.എം. കെയേഴ്സ് ഫണ്ട് സി.എ.ജി. ഓഡിറ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ സമവായമായില്ല. ബി.ജെ.പി., കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നെങ്കിലും കോവിഡ് 19 സംബന്ധിച്ച സാഹചര്യം ചര്‍ച്ചചെയ്യാനും പി.എ.സി യോഗം തയ്യാറായില്ല.
കോവിഡ് 19, പി.എം. കെയേഴ്സ് ഫണ്ട് തുടങ്ങിയ വിഷയങ്ങളില്‍ ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിക്കാനും വിഷയത്തില്‍ സമവായത്തിലെത്താനും കോണ്‍ഗ്രസ് എം.പി. അധീര്‍ രഞ്ജന്‍ ചൗധരി അംഗങ്ങളോട് അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് യോഗം വിലയിരുത്തല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, ബി.ജെ.പി. അംഗങ്ങള്‍ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി സിഎജി ഓഡിറ്റ് ചെയ്യാത്ത സാഹചര്യത്തില്‍ പി.എം. കെയേഴ്സ് ഫണ്ട് ഓഡിറ്റ് ചെയ്യേണ്ടതില്ലെന്ന് രാജ്യസഭാ എം.പി. ഭൂപേന്ദര്‍ യാദവ് ചൂണ്ടിക്കാട്ടി. മറ്റു ബി.ജെ.പി. എം.പിമാരും അദ്ദേഹത്തെ പിന്തുണച്ചു.
ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ബിജെപി നിലപാടെടുത്തു. സിഎജി ഓഡിറ്റ് ചെയ്ത സര്‍ക്കാര്‍ ധനവിനിയോഗം സംബന്ധിച്ച വിഷയങ്ങള്‍ മാത്രമാണ് കമ്മിറ്റി പരിശോധിക്കേണ്ടതെന്ന് ഭൂപേന്ദര്‍ യാദവ് ചൂണ്ടിക്കാട്ടി.
കോവിഡ് 19 സംബന്ധമായ ചര്‍ച്ചകള്‍ക്ക് ബി.ജെ.പി. തയ്യാറാകാത്തത് പി.എം കെയേഴ്സ് ഫണ്ടിനെക്കുറിച്ച് സംസാരിക്കേണ്ടിവരും എന്ന ഭയമൂലമാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഇരുപത് അംഗങ്ങളുള്ള പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ 12 ബി.ജെ.പി. അംഗങ്ങളും ബാക്കി പ്രതിപക്ഷാംഗങ്ങളുമാണുള്ളത്. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ബി.ജെ.പിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കുകയും ചെയ്തിരുന്നു.
Content Highlights: BJP Blocks Parliament Panel Review Of PM CARES Fund, Coronavirus Response