ഡൊണാൾഡ് ട്രംപ്, നരേന്ദ്രമോദി | Photo: Al Drago|Reuters
ന്യൂഡല്‍ഹി: യുഎസ്സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്ന് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി (OFBJP) അംഗങ്ങള്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശം.
അംഗങ്ങള്‍ക്ക് യുഎസ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാം, ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാം, അത് അവരുടെ സ്വന്തം താല്പര്യമാണ്. എന്നാല്‍ പ്രചാരണത്തില്‍ ബിജെപി ചിഹ്നമോ, ബിജെപി, ഒഎഫ്ബിജെപി പേരോ ഉപയോഗിക്കരുതെന്ന് വിദേശരാജ്യങ്ങളില്‍ ബിജെപി പാര്‍ട്ടിയുടെ ചുമതലയുള്ള വിജയ് ചൗതൈവാലെ പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചാരണത്തിന് ഈ വര്‍ഷം ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന 'നമസ്തേ ട്രംപ്'ന്റെയും കഴിഞ്ഞവര്‍ഷം ഹൂസറ്റണില് നടന്ന ഹൗഡി മോഡിയുടേയും ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിലെ ഇന്ത്യക്കാരെ തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാന്‍ പാര്‍ട്ടിയുടെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആക്ഷേപമുന്നയിച്ചു. ബിജെപി ട്രംപിന് അനുകൂലമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ പ്രചാരകനായി മാറിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഈ വിവാദം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അന്വേഷണത്തില്‍ നില്‍ക്കെയാണ് വിജയ് ചൗതൈവാലെയുടെ പ്രതികരണം.
ഇന്ത്യയ്ക്കും യുഎസ്സിനും തമ്മില്‍ വളരെ ആഴത്തിലുള്ള നയതന്ത്രബന്ധമാണുള്ളത്. ഇന്ത്യന്‍ വംശജയായ ഒരാള്‍ യുഎസ് തിരഞ്ഞെടുപ്പില്‍ രണ്ടാമത്തെ പ്രധാന സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അതേസമയം തിരഞ്ഞെടുപ്പ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും അതിന്റെ നടപടി ക്രമങ്ങളില്‍ ബിജെപി പാര്‍ട്ടിക്ക് യാതൊരു വിധത്തിലുള്ള പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപി ഫോറിന് ഏജന്റസ് റജിസ്ട്രേഷന് ആക്ട് (ഫറ) പ്രകാരം യുഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ സംഘടനയ്ക്ക് ബിജെപിയെ ഔദ്യോഗികമായി യുഎസില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കുമെന്നും വിജയ് ചൗതൈവാലെ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..