ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പാരമ്പര്യം തട്ടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ്. കാവി രാഷ്ട്രീയം രാജ്യത്തിന്റെ ചരിത്രം തെറ്റായി എഴുതാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. ഒരു കുടുംബത്തിനെ മഹത്വവത്കരിക്കുന്നതിനായി മഹാന്മാരായ നേതാക്കന്മാരുടെ സംഭാവനകള്‍ തമസ്‌കരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഉശിരനായ ദേശസ്‌നേഹിയും മതേതരവാദിയുമായ സുഭാഷ് ചന്ദ്ര ബോസിന്റെ ആശയങ്ങള്‍ കോണ്‍ഗ്രസ് എക്കാലത്തും മുറുകെ പിടിച്ചിട്ടുണ്ട്. സ്വന്തമായിട്ട് ആശയങ്ങളില്ലാത്തവരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള ദേശീയ മുന്നേറ്റത്തില്‍ ഒരു സംഭാവനയും നല്‍കാത്തവരുമായ ആളുകള്‍ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പാരമ്പര്യം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്.

ദേശീയവാദികളാകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതും ഇതിന് തന്നെയാണ്. ചരിത്രം തെറ്റായി വ്യാഖ്യാനിക്കുന്ന ഇവര്‍ സര്‍ദാര്‍ പട്ടേലും നേതാജിയും ഒക്കെ നെഹ്‌റുവുമായി ശത്രുതയിലായിരുന്നെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. മഹത്തായ വേദികളാണ് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിക്കാനായി അവര്‍ തിരഞ്ഞെടുക്കുക. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയകേന്ദ്രങ്ങളായ ആര്‍.എസ്.എസും ഹിന്ദു മഹാസഭയും ഉത്പാദിപ്പിക്കുന്ന വര്‍ഗീയതയുടെയും മതഭ്രാന്തിന്റെയും ആശയങ്ങളെ പൂര്‍ണമായും എതിര്‍ക്കുന്നവരായിരുന്നു നേതാജിയും പട്ടേലും. ശ്യാമപ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍ ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനം രാജ്യത്തിന് ഭീഷണിയാണെന്ന് സര്‍ദാര്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐ.എന്‍.എ യുടെ വിചാരണ വേളയില്‍ സുഭാഷ് ചന്ദ്ര ബോസിനായി ഹാജറായ അഭിഭാഷകരില്‍ ഒരാള്‍ നെഹ്‌റുവായിരുന്നു. അന്ന് ഏതെങ്കിലും ആര്‍.എസ്.എസുകാര്‍ നേതാജിയെ പിന്തുണച്ചിരുന്നോ ?

ഇന്ത്യയെ മോചിപ്പിക്കാനായി സുഭാഷ് ചന്ദ്ര ബോസ് നടത്തിയ സൈനിക നീക്കങ്ങളെ ഇന്ന് പുകഴ്ത്തുന്ന ആര്‍.എസ്.എസ് അക്കാലത്ത് അതിന് വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. നേതാജി ആസാദ് ഹിന്ദ് ഫൗജ് രൂപവത്കരിക്കുകയും ഗാന്ധിജി ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നല്‍കുകയും എല്ലാം ചെയ്തിരുന്ന കാലത്ത് ആര്‍.എസ്.എസ് ബ്രിട്ടീഷുകാരുമായി സൗഹൃദം പങ്കിടുകയായിരുന്നു. 

ഗാന്ധിജിയുമായും നെഹ്‌റുവുമായും അടുത്ത ബന്ധം നേതാജിക്ക് ഉണ്ടായിരുന്നു. മറിച്ചുള്ള ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യമുള്ളവയാണ്. കോണ്‍ഗ്രസ് ഒരുകാലത്തും നേതാജിയുമായി ശത്രുതയിലായിരുന്നില്ലെന്നും സിങ്‌വി വ്യക്തമാക്കി.