ന്യൂഡല്‍ഹി: ഗുജറാത്തില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.  ഇതേ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നോട്ട പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇതിന് ന്യായമായ പരിഹാരമുണ്ടാക്കണമെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ അപേക്ഷയില്‍ പറയുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പിന് രഹസ്യ സ്വഭാവമില്ലെന്നും ഈ സാഹചര്യത്തില്‍ നോട്ട അപ്രസക്തമാണെന്നും ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ഇത് നീക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

സാധാരണ തെരഞ്ഞെടുപ്പുകളില്‍ നോട്ട നല്ലതാണെന്നും രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്നു നോട്ട പിന്‍വലിക്കണമെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അഭിപ്രായപ്പെട്ടു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെയും തിരഞ്ഞെടുപ്പ് നിയമങ്ങളുടെയും ലംഘനമാണെന്ന് കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.